എസ് അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; ടി വാസുദേവന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നതിന് പിന്നാലെ പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുത്തു. എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയായിരുന്നു മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്.

മാളികപ്പുറം മേല്‍ശാന്തിയായി ടി വാസുദേവന്‍ നമ്പൂതിരിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരന്‍ ഋഷികേശ് വര്‍മയാണ് ശബരിമല മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുണ്‍കുമാര്‍ ആറ്റുകാല്‍ ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തിയായിരുന്നു. കോഴിക്കോട് ഒളവണ്ണ സ്വദേശിയാണ് വാസുദേവന്‍ നമ്പൂതിരി.

ഉഷപൂജയ്ക്ക് ശേഷം രാവിലെ ഏഴരയോടെയാണ് ശബരിമലയില്‍ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നത്.

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നലെ തുറന്നു. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരുടെയും മകന്‍ ബ്രഹ്‌മദത്തന്റെയും സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. ഒക്ടോബര്‍ 21ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബര്‍ 15നാണ് പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കുന്നത്.

നട തുറന്ന ശേഷം മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തില്‍ അഗ്നിതെളിച്ചു. ഇന്നലെ പ്രത്യേക പൂജകള്‍ ഇല്ലായിരുന്നു. വൃശ്ചികം ഒന്നുമുതല്‍ അടുത്ത ഒരുവര്‍ഷത്തേക്കുള്ള സന്നിധാനം, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ആണ് ഇന്ന് നടന്നത്. ശബരിമല മേല്‍ശാന്തി പട്ടികയില്‍ 25 പേരില്‍ ഒരാളെ യോഗ്യതയില്ലെന്ന പരാതിയെ തുടര്‍ന്ന് കോടതി ഇന്നലെ ഒഴിവാക്കിയിരുന്നു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി യോഗേഷ് നമ്പൂതിരിയാണ് ഒഴിവാക്കപ്പെട്ടത്.

Print Friendly, PDF & Email

Leave a Comment

More News