പാലക്കാട് : ബി ജെ പി യുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലത്തിൽ നിന്നുള്ള എം എൽ എ സ്ഥാനം രാജിവെച്ച് വടകര പാർലമെൻ്റ് മണ്ഡലം യൂ ഡി എഫ് സ്ഥാനാർത്ഥിയായത് എന്ന വിമർശനം ശരിയായിരുന്നുവെന്നാണ് കോൺഗ്രസ് ഐ ടി സെൽ ചുമതലയുണ്ടായിരുന്ന പി സരിൻ്റെ തുറന്നു പറച്ചിലോടെ വ്യക്തമായിരിക്കുന്നതെന്ന് ഐ എൻ എൽ ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
തൃശൂർ പാർലമെൻ്റ് മണ്ഡലത്തിൽ നിന്നും കോൺഗ്രസിൻ്റെ 80000 ത്തോളം വോട്ട് ചോർന്നതു കൂടി കൂട്ടിവായിക്കുമ്പോൾ പണ്ട് പരീക്ഷിച്ച കോലീബി സഖ്യം മറനീക്കി പുറത്തു വരികയാണെന്നും, പാലക്കാട് മണ്ഡലത്തിലെ വോട്ടർമാർ ഈ അവിശുദ്ധ കൂട്ടുകെട്ടിനെ തള്ളിക്കളയുമെന്നും സംസ്ഥാന സെക്രട്ടറി അഷറഫ് അലി വല്ലപ്പുഴ പറഞ്ഞു.
ന്യൂനപക്ഷ വേട്ടുകൾ ഭിന്നിപ്പിക്കാനും നിലതെറ്റിയ ബി ജെ പി യ്ക്ക് താങ്ങാകാനുമുള്ള പാഴ്ശ്രമമാണ് പി വി അൻവർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിലൂടെ നടത്തുന്നത്. ബി ജെ പി യെ സഹായിക്കുന്ന കാര്യത്തിൽ അൻവർ യു ഡി എഫിൻ്റെ ബി ടീമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരാപിച്ചു.
ഐ എൻ എൽ ജില്ലാ കമ്മിറ്റി യോഗം ഈസ്റ്റ് ഒറ്റപ്പാലത്തുള്ള സേട്ട് സാഹിബ് സെൻ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനു വേണ്ടി സജീവമായി രംഗത്തിറങ്ങുന്നതിന് യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ലാ വർക്കിങ്ങ് പ്രസിഡണ്ട് റസാക്ക് മാനു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം അസീസ് പരുത്തിപ്ര, ജില്ലാ നേതാക്കളായ ബഷീർ പി വി, മമ്മിക്കുട്ടി മാസ്റ്റർ, കെ. വി അമീർ, അബ്ദുൽ റഫീഖ്, മുസ്തഫ പുതുനഗരം, അബ്ദുൽ റഹീം, കമറുദ്ദീൻ കെ, കുഞ്ഞീരുമ്മ, എന്നിവർ സംസാരിച്ചു.