പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും അഡ്വ. ഹാരിസ് ബീരാന്‍ എം.പിയും ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

ന്യൂയോര്‍ക്ക്: ഐ.യു.എം.എൽ നാഷണൽ പൊളിറ്റിക്കൽ അഡ്വൈസറി ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാനും ന്യൂയോർക്ക് ഇന്ത്യൻ കോൺസുല്‍ ജനറൽ ബിനായ ശ്രീകാന്ത പ്രധാനുമായി ന്യൂയോർക്ക് കോൺസുലേറ്റിൽ വെച്ച് കൂടിക്കാഴ്ച നടത്തി.

അമേരിക്കയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് അവർ സംസാരിച്ചു. നേതാക്കളുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളിൽ നിന്ന് ലഭിച്ച പല നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ആവശ്യങ്ങളും അടങ്ങിയ രൂപരേഖ തയ്യാറാക്കിക്കൊണ്ട്, സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം കോൺസുല്‍ ജനറലുമായി ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് പര്യടനത്തിന്റെ അവസാന ദിവസമാണ് കൂടിക്കാഴ്ച നടത്തിയത്.

പ്രവാസികളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളായ യാത്രാ പ്രശ്നങ്ങൾ, സീസൺ കാലത്ത് വിമാന ടിക്കറ്റ് ചാർജിന്റെ വർദ്ധനവ്, ഒ.സി.ഐ കാർഡ് വിഷയം, അമേരിക്കയിൽ പാസ്പോർട്ട് പുതുക്കി കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന മലയാളികളുടെ പ്രശ്നങ്ങൾ, അമേരിക്കൻ പൗരത്വമെടുത്ത ഇന്ത്യക്കാർ ഇന്ത്യയില്‍ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങി വിവിധ പ്രവാസി വിഷയങ്ങൾ വളരെ വിശദമായി ചര്‍ച്ച ചെയ്തു.

മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് കോൺസുല്‍ ജനറൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ശിഹാബ് തങ്ങളെക്കുറിച്ചു നേരത്തെ ധാരാളം കേട്ട് പരിചയമുള്ള കോൺസുല്‍ ജനറല്‍, തങ്ങളെപ്പോലെയുള്ള ആദരണീയനായ ഒരു നേതാവ് കോൺസുലേറ്റിൽ വന്നതിൽ അതിയായ സന്തോഷവും ചാരിതാർത്ഥ്യവും പ്രകടിപ്പിച്ചു. കൂടാതെ, ദീർഘകാലമായി ഡല്‍ഹിയിലുള്ള അഡ്വ. ഹാരിസ് ബീരാനെക്കുറിച്ചും, സന്ദർശന സംഘത്തിലുണ്ടായിരുന്ന ഷെഫീഖ് അടക്കം പലരുമായും കേന്ദ്ര വിദേശ കാര്യ വകുപ്പിലെ പല ഉദ്യോഗസ്ഥർക്കുമുള്ള ബന്ധങ്ങൾ കോൺസുല്‍ ജനറൽ ചൂണ്ടിക്കാട്ടി.

മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് കേന്ദ്ര മന്ത്രിയായിരിക്കെ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട പല സുപ്രധാന നേട്ടങ്ങളെക്കുറിച്ച് കേട്ടറിവുള്ള കോൺസുല്‍ ജനറല്‍ അക്കാര്യങ്ങളും, ഇ.അഹമ്മദിന്റെ ഭരണ നൈപുണ്യങ്ങളും സവിശേഷതകളും അനുസ്മരിച്ചു.

കോൺസുല്‍ ജനറലിന്റെ ചായ സൽക്കാരത്തിലും അവർ പങ്കെടുത്തു. സാദിഖലി ശിഹാബ് തങ്ങളെയും ഹാരിസ് ബീരാൻ എം.പിയെയും കൂടാതെ, പ്രവാസി പൊതു പ്രവർത്തകരായ കെ,എം.സി.സി യു.എസ്.എ പ്രസിഡന്റ് യു എ നസീർ, യു.എ.ഇ കെ. എം.സി,സി ജനറൽ സെക്രട്ടറി പി.കെ അൻവർ നഹ, എരഞ്ഞിക്കൽ ഹനീഫ്, മുസ്തഫ കമാൽ എന്നിവരും സന്നിഹിതരായിരുന്നു.

അമേരിക്കൻ പര്യടനം പൂർത്തിയാക്കി സാദിഖലി ശിഹാബ് തങ്ങളും, ഹാരിസ് ബീരാനും സംഘവും കഴിഞ്ഞ ദിവസം ന്യൂയോർക്കില്‍ നിന്ന് ഡൽഹി വഴി നാട്ടിലേക്ക് തിരിച്ചു.

റിപ്പോര്‍ട്ട്: യു എ നസീര്‍, ന്യൂയോര്‍ക്ക്

Print Friendly, PDF & Email

Leave a Comment

More News