ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന് അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യം സുപ്രീം കോടതി ചൊവ്വാഴ്ച (ഒക്‌ടോബർ 22, 2024) നീട്ടി.
സിദ്ദിഖിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന കേരളാ പോലീസിൻ്റെ റിപ്പോർട്ടിൽ പ്രതികരണം അറിയിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ വി.ഗിരി നൽകിയ അപേക്ഷയെ തുടർന്നാണ് ജസ്റ്റിസ് ബേല ത്രിവേദിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുന്നത്.
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) സഹകരിക്കാൻ സിദ്ദിഖ് തയ്യാറല്ലെന്ന് മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് മലയാള സിനിമാ വ്യവസായത്തിലെ “ഞെട്ടിപ്പിക്കുന്നതും വ്യാപകവുമായ” ലൈംഗികാതിക്രമങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നതിനു ശേഷം കേരളത്തിലുടനീളം രജിസ്റ്റർ ചെയ്ത 30 ലധികം എഫ്ഐആറുകളാണ് എസ്ഐടി ഇപ്പോൾ അന്വേഷിക്കുന്നത് .
സ്ത്രീകൾ അഭിമുഖീകരിക്കുന്ന പൊതുപ്രശ്‌നമാണ് സിനിമയിലേക്കുള്ള പ്രവേശനത്തിനും സിനിമയിൽ പ്രവർത്തിക്കാനുള്ള അവസരങ്ങൾക്കുമായി സ്ത്രീകളോട് ഉന്നയിക്കുന്ന ലൈംഗിക ആവശ്യങ്ങളെന്ന് സമിതി കണ്ടെത്തിയിരുന്നു.
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നുമാണ് സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. “പല കുറ്റവാളികളും ശക്തരും സ്വാധീനമുള്ളവരുമാണ്. സിനിമാ വ്യവസായത്തിലെ ശക്തമായ ലോബി ഒരു മാഫിയ പോലെയാണ്, കാരണം അവർക്ക് അവരുടെ ഇഷ്ടങ്ങൾക്കും അനിഷ്ടങ്ങള്‍ക്കും അനുസരിച്ച് എന്തും ചെയ്യാൻ കഴിയും. അധികാര ഗ്രൂപ്പിൽ പെട്ട ആരെയും വ്രണപ്പെടുത്തുന്ന ഒരു വാക്ക് പറയാൻ ഒരു പുരുഷനോ സ്ത്രീയോ ധൈര്യപ്പെടുന്നില്ല,” അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, എട്ടു വര്‍ഷം മുന്‍പ് ഉണ്ടായ സംഭവമല്ലേയെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. തെളിവ് നശിപ്പിക്കാനാണെങ്കില്‍ ഇതിന് മുന്‍പേ അത് ചെയ്യാമായിരുന്നില്ലേയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
ഹോട്ടല്‍ മുറിയില്‍ വച്ച് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് നടി നല്‍കിയ പരാതി. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസാണ് കേസ് എടുത്ത് അന്വേഷിക്കുന്നത്.
സെപ്‌തംബര്‍ 30 ന് സുപ്രീം കോടതി സിദ്ദിഖിന് താത്കാലിക ജാമ്യം അനുവദിച്ചിരുന്നു. കേസ് ഇനി പരിഗണിക്കുന്നത് വരെയായിരുന്നു ജാമ്യം അനുവദിച്ചത്. അതേസമയം അറസ്‌റ്റുണ്ടായാല്‍ വിചാരണക്കോടതി നിര്‍ദേശിക്കുന്ന വ്യവസ്ഥകളോടെ ജാമ്യത്തില്‍ വിടണമെന്നും നിര്‍ദേശിച്ചിരുന്നു.