വാഷിംഗ്ടണ്‍: ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പരാജയപ്പെട്ട കേസിൽ മുൻ റോ ഉദ്യോഗസ്ഥനെ അമേരിക്ക കുറ്റപ്പെടുത്തി. ഇക്കാര്യം കഴിഞ്ഞയാഴ്ച ഇന്ത്യയുമായി ചർച്ച ചെയ്തിരുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. ഇരു സർക്കാരുകളും വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ടെന്നും ഇന്ത്യയുടെ അന്വേഷണ സമിതി ഇക്കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തം ഉറപ്പാക്കുന്നതു വരെ അമേരിക്ക തൃപ്തിപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വർഷം നവംബറിൽ, പന്നൂനെ വധിക്കാൻ അമേരിക്കയിൽ ഗൂഢാലോചന നടന്നെങ്കിലും അത് പരാജയപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അമേരിക്കൻ പൗരനായ പന്നൂനെ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് യു എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ന്യൂയോർക്ക് കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഇതിൽ നിഖിൽ ഗുപ്ത എന്ന ഇന്ത്യൻ പൗരനും അജ്ഞാതനായ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥനുമാണ് പന്നൂനിൻ്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ചെക്ക് റിപ്പബ്ലിക്കിൽ അറസ്റ്റിലായ നിഖിൽ ഗുപ്തയെ ഈ വർഷം അമേരിക്കയിൽ എത്തിച്ചിരുന്നു. അദ്ദേഹം ഇപ്പോൾ അമേരിക്കയിലെ ജയിലിലാണ്.
പന്നൂനെ കൊലപ്പെടുത്താൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥനാണ് ഗുപ്തയെ നിയോഗിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഗുപ്ത ഒരു വാടകക്കൊലയാളിയെ അതിനായി കണ്ടുപിടിക്കുകയും ചെയ്തു. എന്നാല്‍, ആ വാടകക്കൊലയാളി യഥാർത്ഥത്തിൽ യുഎസ് ഗവൺമെൻ്റിൻ്റെ രഹസ്യാന്വേഷണ ഏജൻ്റായിരുന്നു. പന്നൂനെ കൊലപ്പെടുത്താന്‍ ഒരു ലക്ഷം ഡോളറിൻ്റെ കരാറാണ് നല്‍കിയത്. അതില്‍ 15,000 ഡോളർ മുൻകൂറായി നൽകുകയും ചെയ്തു.
പന്നൂനെ കൊലപ്പെടുത്താൻ ഇന്ത്യ ഗൂഢാലോചന നടത്തിയെന്ന് അമേരിക്ക ആരോപിച്ചപ്പോഴാണ് ഇന്ത്യ ഒരു ഉന്നതതല സമിതിക്ക് രൂപം നൽകിയത്. പന്നൂനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടവർക്ക് ഇന്ത്യൻ സർക്കാരുമായി യാതൊരു ബന്ധവുമില്ലെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
ആരാണ് ഗുർപത്വന്ത് സിംഗ് പന്നൂന്‍?
പഞ്ചാബിലെ അമൃത്‌സറിൻ്റെ പ്രാന്തപ്രദേശത്തുള്ള ഖാൻകോട്ട് ഗ്രാമത്തിലാണ് പന്നൂൻ ജനിച്ചതും വളർന്നതും. 1947ലെ വിഭജനത്തിന് ശേഷമാണ് പാക്കിസ്താനിൽ നിന്ന് അമൃത്‌സറിലെ ഖാൻകോട്ട് ഗ്രാമത്തിലേക്ക് പന്നുവിൻ്റെ കുടുംബം താമസം മാറ്റിയത്. 1967 ഫെബ്രുവരി 14നാണ് പന്നൂന്‍ ജനിച്ചത്. കാനഡയുടേയും അമേരിക്കയുടേയും പൗരത്വമുണ്ട്, ഒരു സഹോദരനും വിദേശത്താണ്. മാതാപിതാക്കൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല.
ഖാലിസ്ഥാന് വേണ്ടിയുള്ള ലോബിയിംഗിൽ പന്നൂൻ സജീവമാണ്. കൂടാതെ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യുണൈറ്റഡ് കിംഗ്ഡം എന്നിവയുൾപ്പെടെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പരിപാടികളും റാലികളും സംഘടിപ്പിക്കുന്നുണ്ട്. സിഖുകാർക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കും എതിരെ അന്താരാഷ്ട്ര കോടതികളിൽ കേസുകൾ ഫയൽ ചെയ്യുന്നതിലും അദ്ദേഹം ഏർപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം പന്നൂൻ ഏറ്റെടുത്തിട്ടുണ്ട്. 2023 ഏപ്രിലിൽ, അസം സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം ഒരു വീഡിയോയിൽ ഭീഷണി മുഴക്കിയിരുന്നു. 2023 ജൂണിൽ, 2 മാസത്തിനുള്ളിൽ മറ്റ് മൂന്ന് പ്രമുഖ ഖാലിസ്ഥാനി നേതാക്കളുടെ മരണത്തിന് ശേഷം പന്നൂൻ ഒളിവിൽ പോയതായി വിവിധ വാർത്താ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2023 ഒക്ടോബറിൽ, ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കെതിരെ ഹമാസ് പോലുള്ള ആക്രമണം നടത്തുമെന്ന് പന്നൂൻ ഭീഷണിപ്പെടുത്തിയിരുന്നു. ബിബിസിയുടെ അഭിപ്രായത്തിൽ, ഇന്ത്യാ വിരുദ്ധ ഗ്രാഫിറ്റികൾ എഴുതുകയോ സർക്കാർ കെട്ടിടങ്ങളിൽ ഖലിസ്ഥാൻ പതാകകൾ ഉയർത്തുകയോ ഇന്ത്യൻ പതാകയെ അവഹേളിക്കുകയോ ചെയ്യുന്ന ആളുകൾക്ക് സാമ്പത്തിക പാരിതോഷികം വാഗ്ദാനം ചെയ്യുന്നതും ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നതുമായ നൂറുകണക്കിന് വീഡിയോകൾ പന്നൂൻ പുറത്തുവിട്ടിട്ടുണ്ട്.
2023 സെപ്റ്റംബറിൽ, പ്രധാനമന്ത്രി മോദിയുടെയും അദ്ദേഹത്തിൻ്റെ രണ്ട് മന്ത്രിമാരുടെയും “രാഷ്ട്രീയ മരണം” പ്രഖ്യാപിച്ച് അദ്ദേഹം റെക്കോർഡ് ചെയ്തു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ പേരുകളും ചിത്രങ്ങളും സഹിതം ‘ഇന്ത്യയെ കൊല്ലുക’ എന്നെഴുതിയ പോസ്റ്ററുകളുടെ ഉത്തരവാദിത്തവും പന്നൂൻ ഏറ്റെടുത്തിട്ടുണ്ട്. പോസ്റ്ററുകൾ നയതന്ത്രജ്ഞർക്ക് നേരെ അക്രമത്തിന് പ്രേരിപ്പിക്കുന്നവയായിരുന്നു.