ഇസ്രായേലിനെ സ്വന്തം പൗരന്മാര്‍ തന്നെ ഒറ്റിക്കൊടുത്തു; പിടിക്കപ്പെട്ട ഏഴ് ചാരന്മാർക്ക് വധശിക്ഷ ലഭിക്കും

ജെറുസലേം: ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ പുതിയ ഞെട്ടിക്കുന്ന സംഭവം വെളിച്ചത്തു വന്നു. ഇറാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഏഴ് ഇസ്രായേലി പൗരന്മാരെ ഇസ്രായേൽ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെല്ലാം ഇസ്രായേലി ആർമി, അയൺ ഡോം, മറ്റ് സെൻസിറ്റീവ് സൈറ്റുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇറാന് കൈമാറിയതായാണ് റിപ്പോര്‍ട്ട്. രണ്ട് വർഷത്തോളം ഇസ്രായേലിനെതിരെ ഇവര്‍ പ്രവർത്തിച്ചു, ഇതിനായി അവർക്ക് നല്ലൊരു തുക പ്രതിഫലവും ലഭിച്ചു. ഇനി ഇവർക്കെല്ലാം വധശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു.

സംഘാംഗങ്ങളെല്ലാവരും ഹൈഫയിലും വടക്കൻ ഇസ്രയേലിലും താമസിക്കുന്നവരാണെന്നാണ് പൊലീസ് പുറത്തുവിട്ട വിവരം. ഒരു വിമുക്തഭടനും രണ്ട് പ്രായപൂർത്തിയാകാത്തവരും ഇവരിൽ ഉൾപ്പെടുന്നു.

ഇസ്രായേൽ സൈന്യത്തെയും തന്ത്രപ്രധാന ലക്ഷ്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ഇറാനിലേക്ക് കൈമാറിയെന്നാണ് അറസ്റ്റിലായ ഏഴ് പേർക്കെതിരെയുള്ള കുറ്റം. അസീസ് നിസനോവ്, അലക്‌സാണ്ടർ സാഡിക്കോവ്, വ്യാസെസ്ലാവ് ഗുഷ്ചിൻ, യെവ്ജെനി യോഫ്, യിഗാൽ നിസാൻ എന്നീ ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, പ്രായപൂർത്തിയാകാത്ത രണ്ട് പേരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ 600ഓളം ചാരപ്രവർത്തനങ്ങൾ ഇവര്‍ പൂർത്തിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ഈ ദൗത്യങ്ങൾക്ക് പകരമായി, അവര്‍ക്ക് ദശലക്ഷക്കണക്കിന് ഡോളറുകളും ക്രിപ്‌റ്റോകറൻസിയും ലഭിച്ചു. ഇവരെല്ലാം പണക്കൊതിയിൽ ഇറാനുവേണ്ടി ഇൻ്റലിജൻസ് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു എന്നാണ് അധികൃതര്‍ പറഞ്ഞത്.

ഇസ്രായേൽ സൈനിക കേന്ദ്രങ്ങളായ അയൺ ഡോം, എയർബേസ്, പവർ പ്ലാൻ്റുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇവര്‍ ശേഖരിച്ചു. ഇതുകൂടാതെ, ടെൽ അവീവിലെ കിര്യ ഡിഫൻസ് ഹെഡ്ക്വാർട്ടേഴ്സിൻ്റെയും മറ്റ് നിരവധി സെൻസിറ്റീവ് സ്ഥലങ്ങളുടെയും ഫോട്ടോകൾ എടുത്ത് അവര്‍ ഇറാനിയൻ ഏജൻ്റുമാർക്ക് അയച്ചു. തുർക്കിയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള മധ്യസ്ഥർ മുഖേനയാണ് അവരുടെ പ്രവർത്തനങ്ങൾ നടന്നിരുന്നത്, അവർ അവർക്ക് തന്ത്രപ്രധാനമായ സൈറ്റുകളുടെ ഭൂപടങ്ങളും നിർദ്ദേശങ്ങളും നൽകി.

കഴിഞ്ഞ രണ്ട് വർഷമായി ഈ ചാരപ്രവർത്തനം നടക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രത്യേക എൻക്രിപ്റ്റഡ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചാണ് സംഘം ഫോട്ടോകളും വീഡിയോകളും ഇറാനിലേക്ക് കൈമാറിയത്. രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല, സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് ഇവര്‍ പ്രവർത്തിച്ചതെന്ന് പോലീസ് പറയുന്നു.

ഇസ്രായേലിൻ്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയത്. ഇസ്രയേലി എഫ്ബിഐ എന്നറിയപ്പെടുന്ന ലഹാവ് 433 എന്ന പൊലീസ് പ്രത്യേക വിഭാഗമാണ് കേസ് അന്വേഷിച്ചത്.

 

Print Friendly, PDF & Email

Leave a Comment

More News