തൃശ്ശൂര്‍: തൃശൂർ ജില്ലയിലെ സ്വർണാഭരണ നിർമാണ യൂണിറ്റുകളിലും മൊത്തവ്യാപാര സ്ഥാപനങ്ങളിലും വസതികളിലുമായി സംസ്ഥാന ചരക്ക് സേവന നികുതി (ജിഎസ്ടി) ഉദ്യോഗസ്ഥർ നടത്തിയ വൻ റെയ്ഡിൽ കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം പിടികൂടി. ഇന്നലെ (ഒക്‌ടോബർ 23 ബുധനാഴ്ച) ആരംഭിച്ച റെയ്ഡ് ഇന്ന് രാവിലെ (വ്യാഴാഴ്ച) യാണ് അവസാനിച്ചത്.
സംസ്ഥാന ജിഎസ്ടി വകുപ്പിൻ്റെ ഇൻ്റലിജൻസ്, ഓഡിറ്റ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട 700 ഓളം ഉദ്യോഗസ്ഥർ ഓപറേഷൻ ടൊറെ ഡെൽ ഒറോ (സ്പെയിനിലുള്ള ടവർ ഓഫ് ഗോൾഡ് എന്ന ഗോപുരം) എന്ന പേരിലാണ് റെയ്‌ഡ് നടത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്‌ടി റെയ്‌ഡാണ് ഇതെന്നാണ് വിവരം. സംസ്ഥാന ജിഎസ്‌ടി ഇന്‍റലിജൻസ് വിഭാഗമാണ് റെയ്‌ഡിന് നേതൃത്വം നല്‍കിയത്.
സ്റ്റോക്ക് വ്യത്യാസം എന്ന നിലയിൽ കണ്ടെത്തിയ 104 കിലോ സ്വർണം പിടിച്ചെടുത്തതായി ജിഎസ്ടി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. “ഞങ്ങൾ ഇതുവരെ പിഴയായി 3.40 കോടി രൂപ പിരിച്ചെടുത്തു,” ഉദ്യോഗസ്ഥർ പറഞ്ഞു.
തൃശ്ശൂരിലെ 78 ജ്വല്ലറികളിലും നിർമ്മാണ കേന്ദ്രങ്ങളിലും മൊത്തവ്യാപാര ശാലകളിലും റെയ്ഡ് നടത്തിയതായി ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് പിന്നീട് അറിയിച്ചു. സ്വർണമേഖലയിൽ വ്യാപക നികുതിവെട്ടിപ്പ് നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.
നികുതിവെട്ടിപ്പിനെക്കുറിച്ച് വെളിച്ചം വീശാൻ സഹായിക്കുന്ന രേഖകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കിൽ പെടാത്ത ഇടപാടുകൾ സംബന്ധിച്ച രേഖകൾ പിടിച്ചെടുത്തു.
വിനോദസഞ്ചാരികളുടെ വേഷത്തിൽ ടൂറിസ്റ്റ് ബസിലാണ് ഉദ്യോഗസ്ഥരെ രഹസ്യമായി പല സ്ഥലങ്ങളില്‍ നിന്നും തൃശൂരിലെത്തിക്കുകയും റെയ്ഡിനായി ലക്ഷ്യമിട്ട സ്ഥലങ്ങളിലേക്ക് അയക്കുകയും ചെയ്തത്.