നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ദിവ്യ പാര്‍ട്ടിക്ക് നൽകിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നത്

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന് ക്ലീൻചിറ്റ് നൽകി ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ട്. റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത റിപ്പോര്‍ട്ട് കൈമാറിയത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ വാദങ്ങൾ തള്ളിയാണ് റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചത്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്ന് കമ്മിഷണർ വ്യക്തമാക്കുന്നു. പെട്രോൾ പമ്പിനുള്ള അനുമതി വൈകിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ദിവ്യ ഒഴികെ 17 പേരുടെ മൊഴി അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്. കലക്ടർ അരുൺ കെ. വിജയനും ഇതിൽ ഉൾപ്പെടും. പെട്രോള്‍ പമ്പിന്റെ എന്‍ഒസി വൈകിപ്പിക്കുന്നതില്‍ എഡിഎം കാലതാമസം വരുത്തിയിട്ടില്ല. ക്രമപരമായി എന്തെല്ലാമാണോ ചെയ്യാന്‍ കഴിയുന്നത് അതെല്ലാം ചെയ്തിട്ടുണ്ട്. നിയമപരമായി പ്രവര്‍ത്തിച്ച എഡിഎം അപേക്ഷകനെ സഹായിക്കാനും ശ്രമിച്ചു.

പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും എഡിഎം ടൗണ്‍ പ്ലാനിങ് വിഭാഗത്തിന്റ റിപ്പോര്‍ട്ട് തേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പിപി ദിവ്യ ആരോപിച്ചതുപോലെ എഡിഎം കൈക്കൂലി വാങ്ങിയതായി യാതൊരു തെളിവുമില്ല. രണ്ടുദിവസത്തിനകം സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് റവന്യൂ വകുപ്പ് ഓഫീസ് അറിയിച്ചിട്ടുള്ളത്.

ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന മൊഴി കമ്മിഷണർക്കു മുന്നിലും കലക്ടർ ആവർത്തിച്ചിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം കലക്ടറുടെ കാര്യത്തിൽ നടപടി സ്വീകരിക്കും. നവീന്‍ ബാബുവിനെ യാത്രയയപ്പു ചടങ്ങില്‍ ആക്ഷേപിക്കുന്ന വീഡിയോ മാധ്യമങ്ങള്‍ക്ക് കൈമാറിയതു പിപി ദിവ്യയാണെന്ന് എ ഗീതയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 29ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെടിനിസാര്‍ അഹമ്മദാണ് കേസില്‍ വാദം കേട്ടത്.

Print Friendly, PDF & Email

Leave a Comment

More News