ടൊറൊന്റോ: ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂന്‍ വീണ്ടും ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തി. ഇത്തവണ ഇന്ത്യൻ രാഷ്ട്രീയക്കാരെയും കാനഡയിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണറുമായ സഞ്ജയ് വർമ്മയെ ലക്ഷ്യം വെച്ചാണ്. വര്‍മ്മയുടെ ലൊക്കേഷനും യാത്രാ വിവരങ്ങളും നൽകുന്നവർക്ക് അഞ്ച് ലക്ഷം ഡോളറാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
കാനഡയിലെയും യുഎസിലെയും ഇരട്ട പൗരത്വമുള്ള പന്നൂന്‍ ഇന്ത്യയ്ക്കെതിരെ സംസാരിക്കുന്നത് പുതിയ കാര്യമല്ലെങ്കിലും സമീപകാലത്ത് അത് വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ വർഷം, അമേരിക്കയില്‍ വെച്ച് പന്നൂനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു.
കൊലപാതകം പോലുള്ള ക്രിമിനൽ പ്രവർത്തനങ്ങളുമായി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി അടുത്തിടെ ഒരു കേസിൽ പറഞ്ഞിരുന്നു. സഞ്ജയ് വർമയുടെ പേരും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. അടുത്തിടെ, ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ കാനഡയിൽ നിന്ന് തിരിച്ചുവിളിച്ചു, അതിനാൽ അദ്ദേഹം ഖാലിസ്ഥാനികളുടെ ലക്ഷ്യമായി മാറി. എന്നാൽ, ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വർമ്മ പറഞ്ഞു.
സിഖുകാർക്ക് ഖാലിസ്ഥാൻ എന്ന പ്രത്യേക രാജ്യം ആവശ്യപ്പെടുന്ന ഗുർപത്വന്ത് സിംഗ് പന്നൂന്‍, ഇന്ത്യയ്ക്കെതിരെ നിരന്തരമായി പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. പഞ്ചാബ് സ്വദേശിയായ പന്നൂന്‍ പഞ്ചാബ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദമെടുത്തിട്ടുണ്ട്. പിന്നീട് അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം ന്യൂയോർക്കിലെ വാൾസ്ട്രീറ്റിൽ പ്രവർത്തിച്ചിട്ടുണ്ട്. 2007ലാണ് ‘സിഖ് ഫോർ ജസ്റ്റിസ്’ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചത്.
ഈ സംഘടന സിഖുകാർക്കിടയിൽ ഇന്ത്യാ വിരുദ്ധ വികാരങ്ങൾ ഉണർത്താനും ഖാലിസ്ഥാൻ എന്ന സ്വതന്ത്ര രാജ്യം ആവശ്യപ്പെടാനും പ്രവർത്തിക്കുന്നു. എന്നാല്‍, ഇന്ത്യ ഇതിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും ആഭ്യന്തര മന്ത്രാലയം 2019 ൽ നിരോധിക്കുകയും ചെയ്തിരുന്നു.
2020ൽ ഇന്ത്യാ ഗവണ്മെന്റ് പന്നൂനെ ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു.