ഭര്‍തൃവീട്ടിലെ പീഡനമാണ് മകള്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ശ്രുതിയുടെ മാതാപിതാക്കള്‍

കോയമ്പത്തൂര്‍ എസ്.എൻ.എസ്. രാജലക്ഷ്മി കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന നവവധു ശ്രുതി ബാബു ഭർതൃവീട്ടില്‍ മരിച്ച സംഭവത്തില്‍ദുരൂഹതയുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

മകള്‍ തൂങ്ങിമരിച്ചുവെന്നാണ് ഭർതൃവീട്ടുകാർ അറിയിച്ചതെങ്കിലും തൂങ്ങി മരണത്തിന്റെ ലക്ഷണമൊന്നും മൃതദേഹത്തിലുണ്ടായിരുന്നില്ലെന്ന് ശ്രുതിയുടെ അച്ഛൻ ബാബു പരമേശ്വരൻ പറഞ്ഞു.

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞതു മുതല്‍ സ്ത്രീധനം പോരെന്നു പറഞ്ഞ് ഭർതൃമാതാവ് ചെമ്പകവല്ലി മകളെ പീഡിപ്പിക്കാൻ തുടങ്ങിയിരുന്നുവെന്ന് ശ്രുതിയുടെ അച്ഛൻ പറഞ്ഞു. ”വിവാഹസമയത്ത് 54 പവൻ സ്വർണവും അഞ്ചു ലക്ഷം രൂപയും മകള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃമാതാവ് അസഭ്യം പറയുമായിരുന്നു. ഭർത്താവിനൊപ്പം പുറത്തുപോകാനോ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ സമ്മതിച്ചിരുന്നില്ല. ആർത്തവ സമയത്ത് സോഫയിലോ മറ്റോ ഇരിക്കാൻ സമ്മതിക്കാതെ വെറും തറയിലാണ് ഇരുത്തിയിരുന്നത്. നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് മകള്‍ അറിയിച്ചിരുന്നു,” അദ്ദേഹം പറഞ്ഞു.

വിവാഹശേഷം ശ്രുതി ജോലിക്കു പോയിരുന്നില്ല. പിഎച്ച്‌.ഡി. ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. ഭർതൃമാതാവ് സ്ത്രീധനത്തിന്റെ പേരില്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി ശ്രുതി അമ്മയോടു പലതവണ പറഞ്ഞിരുന്നു.

കാർത്തിക് ആഹാരം കഴിച്ചതിനുശേഷം അതേ പാത്രത്തില്‍ നിന്നുതന്നെ ആഹാരം കഴിക്കണമെന്ന് ആവശ്യപ്പെടുമായിരുന്നു. ഭർത്താവിനൊപ്പം പുറത്തുപോകാനും അനുവദിച്ചിരുന്നില്ല. തന്റെ ആഭരണങ്ങള്‍ കാർത്തിക്കിന്റെ സഹോദരിക്കു നല്‍കാൻ നിർബന്ധിച്ചിരുന്നതായും ശ്രുതി വീട്ടുകാരെ അറിയിച്ചിരുന്നു.

കാർത്തിക്കിനൊപ്പം വീടിനു സമീപത്തെ കടയില്‍ പോയതിന് ഞായറാഴ്ച രാത്രി ചെമ്പകവല്ലി ശ്രുതിയെ ശകാരിച്ചു. വലിയ തോതില്‍ വഴക്കുണ്ടായശേഷം മുറിയിലെത്തിയ ശ്രുതി ആഭരണങ്ങളെല്ലാം പെട്ടിയിലാക്കി അച്ഛനെ ഏല്‍പ്പിക്കണമെന്ന് കാർത്തിക്കിനോടു പറഞ്ഞു. പീഡന വിവരങ്ങള്‍ കോയമ്പത്തൂരിലുള്ള അമ്മ സതീദേവിക്ക് മൊബൈല്‍ ഫോണില്‍ സന്ദേശമായി അയച്ചു. തിങ്കളാഴ്ച രാവിലെ ഏഴരയോടെ സന്ദേശം കണ്ട് തിരികെ വിളിച്ചപ്പോള്‍ ആദ്യം ആരും ഫോണെടുത്തില്ല. വീണ്ടും വിളിച്ചപ്പോള്‍ ശ്രുതി തൂങ്ങി മരിച്ചതായി കാർത്തിക്കിന്റെ സഹോദരി അറിയിക്കുകയായിരുന്നു. അടുക്കളയ്ക്കു സമീപമുള്ള മുറിയില്‍ തൂങ്ങിമരിച്ചെന്നാണ് അറിയിച്ചതെന്ന് ബാബു പരമേശ്വരൻ പറഞ്ഞു.

ഭർത്താവിനൊപ്പം ഇരിക്കാൻ സമ്മതിക്കുന്നില്ലെന്നും വീട്ടിലേക്കു പോകാൻ ഭർതൃമാതാവ് നിരന്തരം ആവശ്യപ്പെടുന്നതായുമാണ് ശ്രുതിയുടെ സന്ദേശത്തിലുള്ളത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മൃതദേഹം ഭർതൃവീട്ടുകാർക്കു വിട്ടുകൊടുക്കരുതെന്നും മകളുടെ സന്ദേശത്തിലുണ്ടെന്ന് ബാബു പറഞ്ഞു.

കാർത്തിക്കിന്റെ അച്ഛൻ നാഗരാജന് തമിഴ്നാട് വൈദ്യുതി വകുപ്പില്‍ (ടി.എൻ.ഇ.ബി) ആയിരുന്നു ജോലി. സർവീസിലിരിക്കേ നാഗരാജ് മരിച്ചതോടെയാണ് കാർത്തിക്കിന് ജോലി ലഭിച്ചത്. ശ്രുതി ബാബുവിന്റെ അച്ഛൻ ബാബുവും ടി.എൻ.ഇ.ബി.യില്‍ ഉദ്യോഗസ്ഥനാണ്.

 

Print Friendly, PDF & Email

Leave a Comment

More News