പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ച സംഭവം; വൈദ്യുതി ബോർഡിന്റെ ജീവനക്കാരുടെ അനാസ്ഥക്കെതിരെ എടത്വ വികസന സമിതി പ്രതിഷേധിച്ചു

എടത്വ: പാടശേഖരത്തിന്റെ പുറംബണ്ടില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകനായ എടത്വ മരിയാപുരം കാഞ്ചിക്കല്‍ ബെന്നി ജോസഫ് മരിച്ച സംഭവത്തില്‍ വൈദ്യുതി ബോർഡിന്റെ ജീവനക്കാരുടെ അനാസ്ഥക്കെതിരെ എടത്വ വികസന സമിതി പ്രതിഷേധിച്ചു.

ആറ് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന എടത്വ സെക്ഷന്റെ കീഴിൽ വെറും ഏഴ് ലൈൻമാർ മാത്രമാണ് ഉള്ളത്. ഇവിടെ വേണ്ടത് 12 പേരാണ്. 7 പേരിൽ 2 പേരാണ് രാത്രി കാലങ്ങളിൽ ഡ്യൂട്ടിയിലെത്തുന്നത്. 3 സബ് എഞ്ചിനീയർമാർ വേണ്ട സ്ഥാനത്ത് നിലവിൽ 2 പേർ മാത്രമാണ് ഉള്ളത്. 2 പേരെ വെച്ച് കൊണ്ട് രാത്രി കാലങ്ങളിൽ കാര്യങ്ങൾ പരിഹരിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതിനാല്‍ അടിയന്തിരമായി ഒഴിവുള്ള തസ്തികയിൽ ജീവനക്കാരെ നിയമിക്കണമെന്ന് എടത്വ വികസന സമതി ആവശ്യപ്പെട്ടു

രാത്രിയിൽ വൈദ്യുത ലൈന്‍ പൊട്ടിയ വിവരം പ്രദേശവാസികള്‍ കെഎസ്ഇബി ഓഫീസില്‍ ഫോണ്‍ വിളിച്ചറിയിച്ചെങ്കിലും പല സ്ഥലങ്ങളിലും ലൈനുകളില്‍ തകരാറുകള്‍ ആയതിനാല്‍ പൊട്ടിയ ലൈനിലേക്കുള്ള ഫ്യൂസ് ഊരി മാറ്റാന്‍ ജീവനക്കാര്‍ അറിയിച്ചിരുന്നതായിട്ടാണ് പ്രദേശവാസികള്‍ പറയുന്നത്. നാട്ടുകാര്‍ ഫ്യൂസ് ഊരി മാറ്റിയെങ്കിലും പൊട്ടിവീണ ലൈനിലെ വൈദ്യുതി ബന്ധം വിശ്ചേദിച്ചിരുന്നില്ല. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എടത്വ വികസന സമതി ആവശ്യപ്പെട്ടു.

കൃഷിയുമായി ബന്ധപ്പെട്ട് പാടത്ത് എത്തിയതായിരുന്നു ബെന്നി ജോസഫ്. രാത്രിയിലെ ശക്തമായ കാറ്റില്‍ വൈദ്യുത ലൈന്‍ പാടശേഖര പുറംബണ്ടില്‍ പൊട്ടി വീണതാണ് അപകടത്തിന് കാരണമായത്. രാവിലെ പാടത്തെത്തിയ ബെന്നി ജോസഫ് പൊട്ടിവീണ വൈദ്യുതി ലൈനില്‍ ചവട്ടി ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. സമീപവാസികളുടെ അലര്‍ച്ചയെ തുടര്‍ന്ന് ഓടിയെത്തിയ പാടശേഖര പമ്പിംഗ് ഡ്രൈവര്‍ ബിബീഷ് ഉടുതുണി ഉരിഞ്ഞെടുത്ത് വൈദ്യുത കമ്പിയില്‍ കൂട്ടിപ്പിടിച്ച് മാറ്റിയ ശേഷമാണ് കര്‍ഷകന്റെ അടുത്തെത്തിയത്. ഓടിക്കൂടിയ നാട്ടുകാര്‍ ബെന്നി ജോസഫിനെ പച്ചയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബെന്നിയുടെ സംസ്കാരം ഇന്ന് 10ന് എടത്വ സെന്റ് ജോർജ്ജ് ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.

എടത്വ വികസന സമിതി യോഗം നാളെ വൈകിട്ട് 4 ന് എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹോം ഹാളിൽ നടക്കും. പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് അധ്യക്ഷത വഹിക്കുമെന്ന് ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News