കോഴിക്കോട് മലാപ്പറമ്പ് ജംക്‌ഷനിൽ ദേശീയപാത 66-നു കുറുകെ മേൽപ്പാലം നിർമിക്കുന്നതിന് ഗതാഗതം വഴിതിരിച്ചു വിടാനുള്ള ക്രമീകരണം ചെയ്‌തു.
ജംക്‌ഷനിൽ 42 ചതുരശ്ര മീറ്ററിൽ താൽക്കാലിക റൗണ്ട് എബൗട്ടും അതിനു ചുറ്റും സർവീസ് റോഡുകളും നിർമിച്ചിട്ടുണ്ട്. ജംക്‌ഷനിലെ ട്രാഫിക് സിഗ്‌നലുകൾ ഓഫാക്കി. നിലവിൽ അഞ്ച് മീറ്റർ വീതിയിലാണ് സർവീസ് റോഡുകൾ. വരും ദിവസങ്ങളിൽ ട്രയൽ റണ്ണിൻ്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്തും. റൗണ്ട് എബൗട്ടിൻ്റെ മധ്യഭാഗത്തായി 38 ചതുരശ്ര മീറ്റർ ദൂരത്തിൽ കുഴിയെടുക്കുന്നത് ട്രയൽ റണ്ണിന് ശേഷം ആരംഭിക്കും. 27 മീറ്റർ താഴ്ചയിൽ കിടങ്ങ് നിർമിച്ച ശേഷമായിരിക്കും മേൽപ്പാലം നിർമിക്കുക.
ഇതിൻ്റെ ഭാഗമായി വലിയ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വയനാട് ഭാഗത്തുനിന്ന് പോകുന്ന വാഹനങ്ങൾ പൂളക്കടവ് ജങ്ഷൻ വഴി ചേവരമ്പലം വഴി ബൈപ്പാസിൽ പ്രവേശിക്കണം. നഗരത്തിൽ നിന്ന് വയനാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാരപ്പറമ്പ്-കരിക്കംകുളം വഴിയും വേദവ്യാസ സ്‌കൂളിന് സമീപമുള്ള അടിപ്പാത വഴിയും വയനാട് റോഡിലേക്ക് പ്രവേശിക്കണം. കണ്ണൂർ ഭാഗത്തുനിന്ന് രാമനാട്ടുകര ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വെങ്ങളം ബീച്ച് റോഡിലൂടെ മുഖദാർ, പുഷ്പ ജങ്ഷൻ വഴി പോകണം. കൊച്ചിയിൽ നിന്നോ പാലക്കാട്ടു നിന്നോ വരുന്ന വാഹനങ്ങൾക്ക് തൊണ്ടയാട് ജംക്‌ഷൻ വഴി നഗരത്തിൽ പ്രവേശിച്ച് കണ്ണൂർ റോഡിലൂടെ പോകാം.