കാരന്തൂർ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും മർകസ് ഉൾപ്പെടെയുള്ള പ്രാസ്ഥാനിക കേന്ദ്രങ്ങളുടെയും നേതൃപദവി അലങ്കരിച്ചിരുന്ന ഈ മാസത്തിൽ വിടപറഞ്ഞ സാദാത്തുക്കളെയും പണ്ഡിതരെയും അനുസ്മരിച്ച് തിദ്കാർ സംഗമം ഇന്ന് മർകസിൽ നടക്കും. സമസ്‌തക്ക് ജനകീയ അടിത്തറയും ആശയ ഭദ്രതയും ഉറപ്പുവരുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച താജുൽ ഉലമ സയ്യിദ് അബ്‌ദുറഹ്‌മാൻ ബുഖാരി ഉള്ളാൾ, സുന്നി സംഘടനകൾക്ക് ആത്മീയ ഉണർവും ആവേശവും പകർന്ന സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ, കേരളത്തിലെ മദ്റസാ പ്രസ്ഥാനത്തിന് രൂപം നൽകിയ പണ്ഡിത ശ്രേഷ്ഠർ നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സമസ്തമുശാവറാ അംഗങ്ങളും ജാമിഅ മർകസ് മർകസ് മുദരിസുമാരുമായിരുന്ന ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാർ, എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, പടനിലം ഹുസൈൻ മുസ്‌ലിയാർ തുടങ്ങിയവരുടെ വൈജ്ഞാനിക മികവും സാമൂഹിക ഇടപെടലുകളും പ്രമേയമാക്കിയ പ്രത്യേക പ്രഭാഷണങ്ങളാണ് തിദ്കാറിൽ നടക്കുക.
കേരളത്തിലെ ഇസ്‌ലാമിക ആശയ പ്രചാരണത്തിനും ധൈഷണിക വളർച്ചക്കും സുന്നി സമൂഹത്തിന്റെ ഉണർവിനും വേണ്ടി പ്രയത്നിച്ച പണ്ഡിത പ്രതിഭകളുടെ ജീവിതം പുതുതലമുറ അറിയുന്നതിനും മാതൃകയാക്കുന്നതിനും വേണ്ടിയാണ് തിദ്കാർ സംഘടിപ്പിക്കുന്നത്. വൈകുന്നേരം 06:30 ന് ആരംഭിക്കുന്ന സംഗമം മർകസ് സാരഥി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിക്കും. കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ പ്രാർഥന നിർവഹിക്കും. സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തും. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുല്ല സഖാഫി മലയമ്മ, അബൂബക്കർ സഖാഫി പന്നൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. പിസി അബ്ദുല്ല മുസ്‌ലിയാർ, നൗശാദ് സഖാഫി കൂരാറ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുൽ ഗഫൂർ അസ്ഹരി, ഉമറലി സഖാഫി എടപ്പുലം, സൈനുദ്ദീൻ അഹ്‌സനി മലയമ്മ, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, ബശീർ സഖാഫി കൈപ്പുറം സംബന്ധിക്കും. അക്ബർ ബാദുഷ സഖാഫി സ്വാഗതവും അബ്ദുല്ലത്വീഫ് സഖാഫി പെരുമുഖം നന്ദിയും പറയും.