കേരള വികസനം (ലേഖനം): കാരൂര്‍ സോമന്‍, ചാരുംമൂട്‌

എല്ലാ വര്‍ഷവും നവംബര്‍ ഒന്ന്‌ കേരളപ്പിറവി മഹോത്സവമായി ആഘോഷിക്കാറുണ്ട്. പ്രകൃതിരമണീയമായ കേരളം കടല്‍ത്തീരങ്ങളും, കുന്നുകളും, നദികളും, തടാകങ്ങളും ജൈവവൈവിദ്ധ്യം കൊണ്ട്‌ ‘ദൈവത്തിന്റെ സ്വന്തം നാട്‌’ എന്നാണ്‌ വിരേഷിപ്പിക്കപ്പെടുന്നത്. കേരളത്തെപ്പറ്റി മഹാഭാരതം, വാല്മീകിരാമായണം, ചാണക്യന്റെ അര്‍ത്ഥ ശാസ്ത്രത്തില്‍ വരെ പരാമര്‍ശമുണ്ട്‌. ചാണക്യന്റെ കാലം (ബി.സി.350- 275) മഹാനായ മാസിഡോണിയൻ ചക്രവര്‍ത്തി അലക്സാണ്ടറിന്റെ കാലവും ഇത്‌ തന്നെ. ബി.സി.യില്‍ നിന്ന്‌ ധാരാളം വെള്ളമൊഴുകി എ.ഡി.2024- ല്‍ എത്തി നില്‍ക്കുമ്പോള്‍ കേരളവും ധാരാളം പുരോഗതി കൈവരിച്ചിട്ടുണ്ട്‌. ആ പുരോഗതിയില്‍ എല്ലാം മനുഷ്യര്‍ക്കും വലിയ പങ്കാണുള്ളത്‌. അതില്‍ മുന്നില്‍ നില്‍ക്കുന്നത്‌ പ്രവാസികളാണ്‌. കലാസാഹിത്യ പ്രതിഭകളടക്കം അവരെ കറിവേപ്പില പോലെ വലിച്ചെറിയുന്നുണ്ടെങ്കിലും അവരുടെ വിയര്‍പ്പിന്റെ ഫലം കേരളത്തിലെത്തിയതു കൊണ്ടാണ്‌ നമ്മുടെ നാട്‌ പട്ടിണി, ദാരിദ്രത്തില്‍ നിന്ന്‌ മുക്തി നേടിയത്‌.

കേരളത്തില്‍ നിന്ന്‌ ഗള്‍ഫിലേക്കും പാശ്ചാത്യ രാജ്യങ്ങളിലേക്കും മലയാളിയെ എടുത്തെറിഞ്ഞപ്പോള്‍ ആ സ്ഥാനത്തേക്ക്‌ വടക്കേ ഇന്ത്യാക്കാര്‍ അടുക്കലെത്തി. മുക്കിലും മൂലയിലും അവര്‍ വികസിച്ചു കൊണ്ടിരിക്കുന്നു. കേരളവും ആ പുരോഗതിയില്‍ പങ്കാളികളാണ്‌. ഇപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളിലേക്ക്‌ നമ്മുടെ വിദ്യാര്‍ത്ഥികള്‍, യുവതീ യുവാക്കള്‍ ജീവിതത്തെ, ജീവനെ ഭയന്ന്‌ പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോകുന്നു. ആര്‍ക്കും ഒരു കുണ്ഠിതമില്ല. അതും നമ്മുടെ വികസനത്തില്‍ ഉള്‍പ്പെടുത്താം. ഇന്ത്യയില്‍ മതസഹിഷ്ണതക്ക്‌ മാത്രമല്ല നമ്മുടെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ ഏറെ സവിശേഷതകളുള്ള സംസ്ഥാനമാണ്‌ കേരളം. ഇന്ന്‌ നമ്മുടെ ജാതി മത രാഷ്ട്രീയ സാംസ്‌കാരിക നീതി ന്യായ വകുപ്പുകള്‍ (പ്രധാനമായും പോലീസ്‌) ക്ഷീണിച്ച്‌ അവശരായിരിക്കുന്നു. അതും നമ്മുടെ വികസനത്തിന്റെ ഭാഗമാണ്‌. ചിലര്‍ക്ക്‌ തോന്നാം ഞാന്‍ മനഃപൂര്‍വ്വം എന്തൊക്കെയോ മെനയുന്നു. കാപട്യമാര്‍ന്ന മാന്യതയും മൃദുമിതത്വ വ്യാമോഹമൊന്നും ഇല്ലാത്തതുകൊണ്ട്‌ ആര്‍ക്കും അനുകൂലമായോ പ്രതികൂലമായോ വിഷയങ്ങളെ വലിച്ചുകീറി തുണ്ടം തുണ്ടമാക്കാറില്ല. സത്യവും നീതിയും ഞെരിഞ്ഞമരുമ്പോള്‍ മാന്യരായ മനോരോഗികളില്‍ ഒരാളായി തുടരുന്നതുകൊണ്ട്‌ ചോദിക്കയാണ്‌. തെരെഞ്ഞെടുകില്‍ ജാതി മതം നോക്കുന്നില്ലേ? സംസ്‌കാര സമ്പന്നവും മതനിരപേക്ഷവുമായിരുന്ന മലയാളിയുടെ ഇന്നത്തെ മനസ്സിന്റെ വികാസമെന്താണ്‌? കടമെടുത്തും ഉറക്കളച്ചും കഷ്ടപ്പെട്ടും പഠിക്കുന്ന കൂട്ടികള്‍ക്ക്‌ ഒരു തൊഴില്‍ ലഭിക്കുന്നുണ്ടോ? കക്ഷി രാഷ്ട്രീയം നോക്കി നിയമനങ്ങള്‍ നടക്കുന്നില്ലേ? കുറ്റവാളിയെ നിരപരാധിയാക്കുന്നില്ലേ? സമകാലിക സാഹിത്യ സാംസ്‌കാരിക രംഗത്ത്‌ അനര്‍ഹര്‍ അര്‍ഹരായി അവരോധിക്കുന്നില്ലേ? അങ്ങനെ ഓരോ രംഗവും അപഗ്രഥിച്ചാല്‍ നമ്മുടെ നാട്‌ ഒരു നാടകശാലയാണ്‌. അവിടേക്ക്‌ വിരുന്നുണ്ണാന്‍ ക്ഷണിച്ച അതിഥികള്‍ അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ ജാതിമത രാഷ്ട്രീയ സാഹിത്യ സാംസ്‌കാരിക നീതിന്യായ വകുപ്പുകളിലെ പ്രമുഖരാണ്‌. നവോത്ഥാന കാലഘട്ടത്തിലെ വിശിഷ്ട വ്യക്തികള്‍ വളരെ ഉണര്‍വ്വോടെയാണ്‌ സദ്യയില്‍ പങ്കെടുത്തത്‌. സദ്യ വിളമ്പാനെത്തിയ നാട്ടുകാര്‍ വയറു നിറയെ എല്ലാവരെയും സല്‍ക്കരിച്ചു. പാല്‍പായസത്തിനൊപ്പം തണുത്തു വിറങ്ങലിച്ച ഐസ്ക്രീം പലരും കഴിച്ചില്ല. ഇങ്ങനെയാണ്‌ നമ്മുടെ പരിണാമപ്രക്രിയ മൊത്തത്തില്‍ മുന്നോട്ട്‌ പോകുന്നത്‌.

നമ്മുടെ ഭരണാധിപന്മാര്‍ മുമ്പും ഇപ്പോഴും എത്രയോ വിദേശ ആഡംബര യാത്രകള്‍ നടത്തി വന്നു. ആ യാത്രയിലൂടെ എന്തെങ്കിലും നേട്ടങ്ങള്‍ കേരളത്തിന്‌ ലഭിച്ചിട്ടുണ്ടോ? ജീവിത സാഹചര്യങ്ങളും വികസനവും വിദേശത്തുള്ളതു പോലെയാവണമെന്നല്ല, എന്നാല്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഒട്ടും നിലവാരമില്ലാത്തതോ താഴേയ്ക്കു പോവുന്നതോ ആകരുതെന്നു നിര്‍ബന്ധമുണ്ട്‌. വികസനത്തിന്റെയും വികസന നയങ്ങളുടെയും കാര്യത്തിലും ഇതല്ലേ കാണുന്നത്‌. എന്നാണ്‌ ഉതിനൊക്കെ മാറ്റം വരിക. ആധുനിക ലോകത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ നാം ഉള്‍ക്കൊള്ളണം, ഒപ്പം മാറാന്‍ നാം തയ്യാറാവുകയും വേണം. കേരളത്തിലെ റോഡുകളെടുക്കുക. മലയാള മനോരമ ചാനല്‍ റോഡിലെ കുഴികളുടെ എണ്ണം നോക്കി ആഴം നോക്കി പുരസ്‌കാരം കൊടുക്കുന്ന കാഴ്ചകള്‍ നാട്ടുകാരെ കാണിച്ചു. റോഡു നിര്‍മാണത്തിലെ അഴിമതിയെ ചൂണ്ടികാണിച്ച്‌ മാതൃഭൂമിയില്‍ ഒരു വാര്‍ത്ത കണ്ടു. എന്റെ വീടിന്റെ മുന്നിലെ ചത്തിയറ പാലത്തടം റോഡു പണിയില്‍ അഴിമതി അന്വേഷിക്കണമെന്ന്‌ ബിജെപി നടത്തിയ പ്രതിഷേധ സമരം. ആരാണ്‌ റോഡു പണി നടത്തിയത്‌ എനിക്കറിയില്ല. പൊതുവില്‍ കണ്ടുവരുന്നത്‌ പണിയുന്നു. പൊളിയുന്നു. വീണ്ടും കരാര്‍ കൊടുക്കുന്നു. ഇവിടെയെല്ലാം അഴിമതിയുടെ കൂത്തരങ്ങാണ്‌. കേരളത്തിലെ ഓരോ റോഡുകളുടെ ദയനീയാവസ്ഥ ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. ഒരു റോഡുപോലും നന്നാക്കിയിടാനറിയാത്തവരെയാണേോ മന്ത്രിമാരാക്കുന്നത്‌?

മനുഷ്യര്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാതെ പുരോഗതി വികസനമെന്ന്‌ മൈതാന പ്രസംഗം നടത്തിയിട്ടോ വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടോ കാര്യമില്ല. കാളിദാസന്‍ വാല്മീകിയെ വിളിച്ചത്‌ ‘രുദിതാനുസാരി’ എന്നാണ്‌. കരയുന്നവന്റെ വേദനിക്കുന്നവനൊപ്പമാണ്‌ കവികള്‍, സാഹിത്യകാരന്മാര്‍. ഒരു ഭാഗത്ത് വിയര്‍ക്കുന്നവന്റെ വിയര്‍പ്പിന്റെ ഫലം ഒരു കൂട്ടര്‍ അനുഭവിക്കുമ്പോള്‍ മറുഭാഗത്ത് വാക്കുകള്‍ കൊണ്ട്‌ സാന്ത്വനം കൊടുക്കുന്നവരും വിശറികൊണ്ട്‌ വീശി തണുപ്പിക്കുന്നവരുമാണ്‌ സര്‍ഗ പ്രതിഭകള്‍. കേരളത്തില്‍ വേദനിക്കുന്നവനൊപ്പം നില്‍ക്കുന്ന എത്ര എഴുത്തുകാരുണ്ട്‌?

കേരളത്തില്‍ ജന്മിത്വവും, നാടുവാഴിത്തവും, രാജഭരണവും കുഴിച്ചുമൂടി ജനാധിപത്യത്തിലെത്തി നില്‍ക്കുമ്പോള്‍ പലപ്പോഴും തോന്നുക നമ്മള്‍ നാടുവാഴിത്വത്തിലേക്ക്‌ തിരിച്ചുപോയോ?ഭരണത്തിലുള്ളവരും കുത്തക മുതലാളിമാരുമായുള്ള കുട്ടുകെട്ടുകള്‍. മലയാളി പടുത്തുയര്‍ത്തിയ മൂല്യബോധം വെറും മുദ്രാവാക്യങ്ങളായി മുഴങ്ങുകയാണോ? ഇന്ന്‌ സംഭവിച്ചു കൊണ്ടിരിക്കുന്ന തിന്മകളെ തിരിച്ചറിഞ്ഞു സഹജീവികളെ സമഭാവനയോടെ കാണണമെന്നുണ്ടെങ്കില്‍ കറകളഞ്ഞ ഒരു സോഷ്യലിസം തന്നെയാണാവശ്യം. സഹകരണമാണ്‌ സോഷ്യലിസം. കൂട്ടായ സംരംഭത്തിലൂടെയും പരസ്പര സഹായത്തിലൂടെയും മനുഷ്യജീവിതത്തിന്‌ മേന്മയുണ്ടാക്കാനുള്ള ശ്രമം സാമൂഹ്യ ജീവിതത്തിന്റെ ദാനമാണ്‌. അത്‌ ആള്‍ക്കൂട്ടത്തിന്‌ മുന്നില്‍ വ്യര്‍ത്ഥമായി ഘോരഘോരം പ്രസംഗിച്ച് കൈയ്യടി വാങ്ങാനുള്ളതല്ല. പാവങ്ങളുടെ, സാധാരണക്കാരന്റെ ജീവിതം വരിഞ്ഞുകെട്ടി പോകുമ്പോള്‍ അതിനെ വലിച്ചുപൊട്ടിക്കാന്‍ എത്രപേര്‍ മുന്നോട്ട്‌ വരും? പരസ്പര സഹകരണ പ്രസ്ഥാനങ്ങള്‍ക്ക്‌ ഇത്തരത്തില്‍ വലിയ അര്‍ത്ഥ വ്യാപ്തിയാണുള്ളത്‌. കേരളത്തില്‍ ജീവിതത്തിന്റെ നാനാമേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന്റെ ഗുണങ്ങള്‍ എത്തിയിട്ടുണ്ട്‌. വിദ്യാദ്യാസരംഗം മുതല്‍ ആതുര സേവനമേഖല വരെ നീളുന്ന ചെറുതും വലുതുമായ സഹകരണസ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്നു. വാണിജ്യ മേഖലയില്‍ ചുവടുറപ്പിച്ച സഹകരണ ബാങ്കുകള്‍ ജനങ്ങളെ സഹായിക്കാനുണ്ടക്കിയെങ്കിലും സര്‍വ്വാധിപതികളെപോലെ അഴിമതി നടത്തുന്നവരെയും കാണുന്നു.

കേരളത്തില്‍ പദ്ധതികള്‍ക്കൊന്നും പഞ്ഞമില്ല. അത്‌ പക്ഷേ നടപ്പിലാക്കുന്ന വിധത്തിലാണ്‌ പാളിച്ച. വികസനകാര്യത്തില്‍ രാഷ്ട്രീയ പക്ഷപാതം വേണ്ട എന്ന്‌ പലപ്പോഴും ചേലിനു വേണ്ടി പറയാറുണ്ട്‌. പക്ഷേ കാര്യത്തോടടുക്കുമ്പോള്‍ വികസന കാര്യങ്ങളെ പാടെ മറക്കുകയും രാഷ്ട്രീയം പ്രധാന ലക്ഷ്യമായിത്തീരുകയും ചെയ്യുന്നു. കേരളം രാഷ്ട്രീയ അതിപ്രസരത്തിന്റെ നാടാണെന്നൊരു ദുഷ്പേര്‌ പതിഞ്ഞിട്ടുണ്ട്‌. അത്‌ വളരുന്നു എന്നതാണ്‌ യാഥാര്‍ഥ്യം. കക്ഷിരാഷ്ട്രീയത്തിന്റെ തിമിരം പൂര്‍ണമായി മാറാതെ കേരളം വികസന പുരോഗതി കൈവരിക്കില്ല.

നിയമസഭയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നാളത്തെ കേരളം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇങ്ങനെ പറഞ്ഞു; “ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും അവരുടേതായ നയ സമീപനങ്ങളുണ്ട്. ഇത്‌ പൊടുന്നനെ മാറില്ല. എന്നാല്‍ നാടിന്റെ വികസനത്തില്‍ ഒരു പൊതുസമവായം ഉണ്ടായേ തീരു. യോജിക്കാവുന്ന മേഖലകളില്‍ എല്ലാ പാര്‍ട്ടികളും സഹകരിച്ച്‌ ഒന്നിച്ച്‌ പ്രവര്‍ത്തിക്കണം. എത്ര ശരിയാണ്‌. ജനസേവകരെന്ന്‌ പറഞ്ഞു വരുന്നവരുടെ ലക്ഷ്യം നാടിന്റെ വികസനമാണോ അതോ സ്വന്തം കീശ വീര്‍പ്പിക്കലോ?

പുറത്തു നിന്നു നോക്കുന്ന ഒരു പ്രവാസിക്ക്‌ വിദ്യാഭ്യാസം, ആരോഗ്യം, നൂതന സാങ്കേതികവിദ്യ എന്നീ കാര്യങ്ങള്‍ കേരളത്തിന്റെ അവസ്ഥ കണ്ട്‌ ഏറെ പരിതപിക്കേണ്ടി വന്നിട്ടുണ്ട്‌. കാരണം ഗൾഫ്‌, യൂറോപ്പ്, യുഎസ്‌ അടക്കമുള്ളിടത്ത്‌ മലയാളികള്‍ ഇതെല്ലാം ആവോളം ആസ്വദിക്കുന്നുണ്ട്. സ്വന്തം നാട്ടില്‍ മാത്രമാണ്‌ അവര്‍ക്കിതെല്ലാം കിട്ടാക്കനി. ഇന്ന്‌ കഥ മാറിയെന്ന് വേണം പറയാന്‍. വികസനത്തിന്റെ ഐക്കണ്‍ ആയി മാറിയേക്കാവുന്ന ഒട്ടേറെ അടിസ്ഥാന സാകര്യങ്ങളില്‍ കേരളം മുന്നേറിയിരിക്കുന്നു. പേഴ്സണ്‍ കമ്പ്യൂട്ടറുകളുടെയും ഇതര സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ രാജ്യത്ത്‌ തന്നെ നാം മുന്‍നിരയിലെത്തി. ഈ നിലയില്‍, ഏതൊരു കേരളീയനെയും അഭിമാനപ്പെടുത്തുന്ന സംഗതി, ഐ.ടി രംഗത്ത്‌ രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ മാനവശേഷിയുള്ള സംസ്ഥാനമായി കേരളം മാറി. അതേസമയം ഐ.ടി വ്യവസായത്തില്‍ കര്‍ണാടകം കേരഉത്തെ ബഹുദുരം പിന്നിലാക്കി. കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളെ പുറകോട്ടടിക്കുന്നത്‌ ആരാണ്‌?

നമുക്കു കൈമോശം വന്നു കൊണ്ടിരിക്കുന്ന സാമൂഹ്യ നീതി, വര്‍ഗ്ഗീയത, വിദ്യാഭ്യാസം, കൃഷി, തൊഴില്‍ രംഗം, വ്യവസായം, ഏറെ പ്രചാരം നല്‍കേണ്ട ടുറിസം, അടിസ്ഥാന സാകര്യങ്ങളിലൊന്നായ ഗതാഗതം, വൈദ്യുതി ഉല്‍പാദനം, ജലസ്രോതസ്സ്‌ സംരക്ഷണം തുടങ്ങി എല്ലാ മേഖലകളിലുമുള്ള പൊതുവായ വികസനത്തിനാണ്‌ കേരളം ലക്ഷ്യമിടേണ്ടത്‌. വികസിത അവികസിത രാജ്യങ്ങള്‍ പോലും ഇന്ന്‌ ടൂറിസത്തില്‍ മുന്നേറി സമ്പത്ത്‌ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോക ഭൂപടത്തില്‍ ഏറെ പ്രചാരം ലഭിക്കേണ്ട സുന്ദര കേരളം ടൂറിസത്തില്‍ എവിടെയെത്തി നില്‍ക്കുന്നു. ധാരാളം രാജ്യങ്ങളില്‍ പോകുകയും പതിനൊന്നോളം വിദേശ യാത്രാ വിവരണങ്ങള്‍ എഴുതുകയും ചെയ്തിട്ടുള്ള എനിക്ക്‌ കേരളത്തിലെ മൂന്നാര്‍, മണ്‍‌ട്രൊ തുരുത്തു കണ്ടപ്പോള്‍ ലജ്ജയാണ്‌ തോന്നിയത്‌. സഞ്ചാരികള്‍ വന്നുപോകുന്ന പല ടുറിസ്റ്റ്‌ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. കുറെ പദ്ധതികള്‍ പേരിട്ട്‌ വിളിച്ചു പണം വകമാറ്റി അടിച്ചു മാറ്റിയാല്‍ വികസനം വരില്ല. കേരള വികസനത്തിന്‌ വിഘാതമായി നില്‍ക്കുന്ന സ്വാര്‍ത്ഥ തല്പര കക്ഷികളെ ജനങ്ങള്‍ തിരിച്ചറിയുക. കുട്ടികളടക്കമുള്ളവരെ വായനയിലൂടെ ബോധവല്‍ക്കരിക്കുക. ഏത്‌ രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും ജനങ്ങള്‍ക്ക്‌ ഗുണപരമായ കാര്യങ്ങള്‍ ചെയ്യുന്നവരെ ജനം തള്ളികളയില്ല. അവരെ നെഞ്ചിലേറ്റിയ ചരിത്രമാണ്‌ കേരളത്തിലുള്ളത്‌. ഉദാ. ഇ.എം.എസ്‌ നമ്പുതിരിപ്പാട്‌ (1959, 1969), ആര്‍. ശങ്കര്‍ (1964), സി. അച്യുതമേനോന്‍ (1970,1977) അങ്ങനെ പലരുണ്ട്. നാട്ടില്‍ ഉല്‍പാദന മേഖലകളെ വളര്‍ത്തുക. പ്രവാസികളുടെ പുനരധിവാസം ഉറപ്പ് വരുത്തുക, കുറ്റവാളികള്‍ക്ക്‌ കുടപിടിക്കാതിരിക്കുക, നാട്ടില്‍ നിന്ന്‌ വിദ്യാസമ്പന്നരായ യുവതി യുവാക്കളെ കയറ്റുമതി ചെയ്യുന്നത്‌ അവസാനിപ്പിക്കുക. റോഡ്‌ നിര്‍മ്മാണത്തിലെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷ നടപ്പാക്കുക. സാമൂഹ്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക്‌ ക്രിയാത്മകമായി പരിഹാരം കണ്ടെത്തുന്ന ഒരു ഭരണകൂടമാണ്‌ കേരളത്തിനാവശ്യം. മറിച്ചായാല്‍ ദൈവത്തിന്റെ സ്വന്തം നാട്‌ ചെകുത്താന്മാരുടെ നാടായി മാറുമെന്നോര്‍ക്കുക.

Print Friendly, PDF & Email

Leave a Comment

More News