ഡാളസ്: ലാനാ സാഹിത്യോത്സവം 2024 നോടനുബന്ധിച്ച് ഭരതകലാ തീയറ്റേഴ്സ് ഡാളസ് അണിയിച്ചൊരുക്കുന്ന നാടകം “സ്ഥലത്തെ പ്രധാന കല്യാണം” ന്യൂയോർക്ക് കേരള സെന്ററിൽ വെച്ചു നടക്കുന്നതാണ്.
ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സുപരിചിത കഥയിലെ ദാർശനികവും മാനവികവുമായ കഥാപാത്രങ്ങളെ ഇഷ്ടാനുസൃതമാക്കി സ്നേഹത്തിന്റെ വിശുദ്ധമായ വെളിച്ചമായി മാറുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം.
നാടക രചന ബിന്ദു ടിജി, സംവിധാനം ഹരിദാസ് തങ്കപ്പൻ, സഹ സംവിധാനം അനശ്വരം മാമ്പിള്ളി, പശ്ചാത്തല സംഗീതം ഷാലു ഫിലിപ്പ് എന്നിവര്‍ നിർവഹിച്ചിരിക്കുന്നു. ബാനർ ഭരതകലാ തീയറ്റേഴ്സ് ഡാളസ്, സ്പോൺസർ ടോം ജോർജ് കോലത്ത് (കെൽട്രോൺ ടാക്സ്), പോസ്റ്റർ ഡിസൈൻ റിജോ തോമസ്. അരങ്ങത്ത് മീനു ഏലിസബത്ത്, ബിന്ദു ടിജി, ജോസ് ഓച്ചാലിൽ, ഷാജു ജോൺ, സാമൂവൽ യോഹന്നാൻ, ഷാജി മാത്യു, ബാജി ഓടംവേലി, ഹരിദാസ് തങ്കപ്പൻ, അനശ്വരം മാമ്പിള്ളി എന്നിവര്‍ അണിനിരക്കുന്നു.
ഗൃഹാതുര സ്മരണകളുണര്‍ത്തുന്ന ഈ നാടക അവതരണം വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രധാന കഥാപാത്രങ്ങളുടെ ഊഷ്മള ആവിഷ്കാരമായിരിക്കും എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം കേരള സെന്റർ ഓഡിറ്റോറിയത്തിൽ വെച്ചാണ് നാടകം ആദ്യമായി അരങ്ങിലെത്തുന്നത്.