മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം, എല്ലാ രാഷ്ട്രീയ പാർട്ടികളും പൂർണ്ണമായ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. അതേസമയം, ഡിജിപി രശ്മി ശുക്ലയുമായി ബന്ധപ്പെട്ട് രാഷ്ട്രീയം ചൂടുപിടിച്ചു. മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ലയെ മഹാരാഷ്ട്ര പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും കത്ത് നൽകി. ഇതിന് മുമ്പും കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് സമാനമായ കത്ത് അയച്ചിരുന്നു.
മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ലയുടെ രാഷ്ട്രീയ പ്രേരിത നിയമനവും അവർക്ക് നൽകിയ സേവന കാലാവധിയും പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പടോലെയുടെ മൂന്നാമത്തെ കത്താണിത്. നിയമസഭാ തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ നടത്തുന്നതിന് ശുക്ലയെ ഉടൻ പുറത്താക്കണമെന്ന് പടോലെ തൻ്റെ മുൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന ഡിജിപി രശ്മി ശുക്ലയ്ക്ക് രണ്ട് വർഷത്തെ കാലാവധി നീട്ടി നൽകിയത് മഹാരാഷ്ട്ര പോലീസ് നിയമത്തിൻ്റെ വ്യക്തമായ ലംഘനമാണെന്ന് നാനാ പടോലെ നേരത്തെ പറഞ്ഞിരുന്നു. യഥാർത്ഥത്തിൽ, 2024 ജനുവരിയിലാണ് രശ്മി ശുക്ല ഡയറക്ടർ ജനറൽ ഓഫ് പോലീസ് സ്ഥാനത്തേക്ക് നിയമിതയായത്. എന്നാല്, കോൺഗ്രസിൻ്റെ അഭിപ്രായത്തിൽ, 2024 ജൂൺ 30-ന് വിരമിക്കൽ പ്രായം പൂർത്തിയാക്കുന്നതോടെ ശുക്ല വിരമിക്കേണ്ടതായിരുന്നു. പക്ഷെ, മഹാരാഷ്ട്രയിലെ മഹായുതി സർക്കാർ അവര്ക്ക് നിയമവിരുദ്ധമായി 2026 ജനുവരി വരെ സർവീസ് നീട്ടി നൽകി.
വരാനിരിക്കുന്ന (അസംബ്ലി) തെരഞ്ഞെടുപ്പിന് അടുത്ത് ശുക്ലയ്ക്ക് സേവനം നീട്ടുന്നത് സംശയാസ്പദമായ സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് നാനാ പടോലെ പറഞ്ഞു. ഈ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിച്ചേക്കാമെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.