ശാന്തിഗ്രാം വെൽനെസ് കേരള ആയുർവേദ ന്യൂജെഴ്സിയില്‍ പ്രവർത്തനമാരംഭിച്ചു

ന്യൂജെഴ്‌സി: അമേരിക്കയിൽ ആയുർവേദത്തിനു പുതിയ മേൽവിലാസം സൃഷ്ടിച്ചു മുന്നേറുന്ന ശാന്തിഗ്രാം വെൽനസ് കേരള ആയുർവേദ ജെഴ്സി സിറ്റിയിൽ പുതിയ കേന്ദ്രം ആരംഭിച്ചു. ന്യൂജെഴ്സി സ്റ്റേറ്റ് സെനറ്റർ രാജ് മുഖർജി, ജേഴ്‌സി സിറ്റി മേയർ സ്റ്റീവൻ ഫുലോപ്പ് എന്നിവരുൾപ്പെടെയുള്ള ന്യൂജേഴ്‌സിയിലെ പ്രമുഖ നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

കേരള ആയുർവേദ ചികിത്സകൾ ന്യൂജേഴ്‌സിയിലേക്ക് കൊണ്ടുവരുന്നതിലുള്ള ശാന്തിഗ്രാമിൻ്റെ പങ്കിനെ സെനറ്റർ മുഖർജി അഭിനന്ദിച്ചു. ആയുർവേദത്തിലൂടെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള സമർപ്പണത്തിന് ശാന്തിഗ്രാമിൻ്റെ സ്ഥാപകനും പ്രസിഡൻ്റും സിഇഒയുമായ ഡോ. ഗോപിനാഥൻ നായരെ അംഗീകരിക്കുന്ന സംസ്ഥാന സെനറ്റിൻ്റെയും അസംബ്ളിയുടെയും സംയുക്ത പ്രമേയം അദ്ദേഹം വായിച്ചു.

മേയർ സ്റ്റീവൻ എം. ഫുലോപ്പും കൗൺസിൽ അംഗങ്ങളും ഇൻസ്പെക്ടർ ഉസ്മാനി ഗനിയും പുതിയ സംരംഭത്തിന് ആശംസകൾ നേർന്നു. ശാന്തിഗ്രാമിന് സിറ്റിയുടെ എല്ലാവിധ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.

പരിപാടിയിൽ പങ്കെടുത്ത ഉപഭോക്താക്കൾ ശാന്തിഗ്രാമിൻ്റെ ചികിത്സകളിൽ നിന്ന് അവർക്കുണ്ടായ നേട്ടങ്ങളും രോഗശാന്തിയടക്കമുള്ള അനുഭവങ്ങളും സാക്ഷ്യപ്പെടുത്തി. ആരോഗ്യത്തിനും ക്ഷേമത്തിനും ആയുർവേദ ചികിത്സകൾക്കുള്ള സ്വാധീനം അടിവരയിടുന്ന ഇക്കാര്യങ്ങൾ പ്രതിഫലിപ്പിച്ചുകൊണ്ട്, ഡോ. ഗോപിനാഥൻ നായർ തന്റെ ഉദ്യമത്തെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം പങ്കുവെച്ചു. യോഗയ്ക്കും ആയുർവേദത്തിനും ആവശ്യക്കാർ ഏറെയുള്ള ന്യു യോർക്ക് സിറ്റിക്കു സമീപത്തുള്ള ഈ കേന്ദ്രം ഒരു നാഴികക്കല്ലാകുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

ജേർണൽ സ്‌ക്വയർ പാത്ത് ട്രെയിൻ സ്‌റ്റേഷന് സമീപം സ്ഥിതിചെയ്യുന്ന ഈ പുതിയ കേന്ദ്രം, അമേരിക്കയിലും പുറത്തും ലോക ആയുർവേദ ദിനം ആഘോഷിക്കുന്ന സമയത്തുതന്നെ പ്രവർത്തനസജ്ജമാക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ശാന്തിഗ്രാമിന്റെ അമരക്കാരനായ ഡോ. ഗോപിനാഥൻ നായർ അഭിപ്രായപ്പെട്ടു. അയ്യായിരം വർഷം പഴക്കമുള്ള ആയുർവേദ ശാസ്ത്രത്തെ ആരോഗ്യരംഗത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശാന്തിഗ്രാമിൻ്റെ ദൗത്യത്തിലെ ഒരു സുപ്രധാന ചുവടുവെയ്പ്പായിരിക്കും ഇത്.

ന്യൂജേഴ്‌സിയിലെ ഹാമിൽട്ടണിൽ ഉടൻ തന്നെ ആരംഭിക്കുന്ന കേന്ദ്രത്തിന്റെയും വിപുലീകരണ പദ്ധതിയുടെയും ഭാഗമാണ് ന്യൂയോർക്കിലെ മൻഹാട്ടന് സമീപം സ്ഥിതി ചെയ്യുന്ന ജേഴ്‌സി സിറ്റിയിലെ ശാന്തിഗ്രാം കേന്ദ്രം. ഈ വിപുലീകരണം ഒരു പ്രമുഖ ദേശീയ ആയുർവേദ കമ്പനി എന്ന നിലയിലുള്ള ശാന്തിഗ്രാമിൻ്റെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം സമഗ്രവും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ തെറപ്പികൾ വാഗ്ദാനം നൽകുകയും ചെയ്യുന്നു. മസ്കുലോസ്കലെറ്റൽ ഡിസോർഡേഴ്സ്, ജീവിതശൈലി അവസ്ഥകൾ, വയോജന പരിചരണം തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്.

“ആയുർവേദ മന്ത്ര” എന്ന ടിവി ഏഷ്യ സീരീസ് ഹോസ്റ്റ് ചെയ്ത ലോകപ്രശസ്ത ആയുർവേദ വിദഗ്‌ധയും ശാന്തിഗ്രാമിൻ്റെ ചീഫ് കൺസൾട്ടൻ്റുമായ ഡോ. അംബിക നായരുടെ സേവനം അപ്പോയ്ന്റ്മെന്റ് എടുത്താൽ ശാന്തിഗ്രാം വെൽനെസ് സെന്ററിൽ ലഭിക്കുന്നതാണ്.

സ്പെഷ്യലൈസ്ഡ് വെൽനസ് സേവനങ്ങളാണ് ശാന്തിഗ്രാമിന്റെ സവിശേഷതകളിലൊന്ന്. 24/7 ആയുർവേദ വെൽനസ് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോം സജ്ജീകരിച്ചിട്ടുമുണ്ട്. ശാന്തിഗ്രാം വെൽനസിന് ഫ്രാഞ്ചൈസി നൽകുന്നതിന് ഫെഡറൽ അംഗീകാരമുണ്ടെന്നും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ഫ്രാഞ്ചൈസി മാതൃകയിൽ ശാന്തിഗ്രാം വെൽനസ് സെൻ്ററുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും ഡോ.ഗോപിനാഥൻ നായർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ശാന്തിഗ്രാം വെൽനസ് കേരള ആയുർവേദ, 1681 സ്റ്റേറ്റ് റൂട്ട് 27, എഡിസൺ ന്യൂജേഴ്‌സി 08817 എന്ന വിലാസത്തിലോ +1-732-915-8813 എന്ന നമ്പറിലോ ബന്ധപ്പെടാം.

ഇമെയിൽ: info@santhigram.com.

വെബ്‌സൈറ്റ് : www.santhigram.com

Print Friendly, PDF & Email

Leave a Comment

More News