ഇറ്റാനഗർ: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഇന്ത്യ-ചൈന സൈന്യം പിൻവാങ്ങിയതിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും സൈന്യം പട്രോളിംഗ് ആരംഭിച്ചു.
ഒക്‌ടോബർ 30-ന് സൈന്യത്തെ പിൻവലിക്കൽ നടപടികൾ പൂർത്തിയായി. ഡെപ്‌സാങ്ങിൽ പട്രോളിംഗ് ഉടൻ ആരംഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഡെംചോക്ക് ഇപ്പോൾ നിരീക്ഷണത്തിലാണ്. പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡൻ്റും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഈ രണ്ട് മേഖലകളിൽ നിന്നും പിൻവാങ്ങാൻ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ ധാരണയായി. കിഴക്കൻ ലഡാക്കിലെ ഹോട്ട് സ്പ്രിംഗ്‌സ്, കാരക്കോറം പാസ്, ദൗലത്ത് ബേഗ് ഓൾഡി, കോങ്കള, ചുഷുൽ-മോൾഡോ എന്നിവിടങ്ങളിൽ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ പരസ്പരം മധുരം വിളമ്പി ദീപാവലി ദിനത്തിൽ ആശംസകൾ നേർന്നത് ശ്രദ്ധേയമാണ്.
പാർലമെൻ്ററി കാര്യ മന്ത്രിയും ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവും അരുണാചൽ പ്രദേശിലെ ബുംല ചുരത്തിൽ ചൈനീസ് സൈനികരുമായി കൂടിക്കാഴ്ച നടത്തി. ഇതിൻ്റെ വീഡിയോ റിജിജു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. എൽഎസിയിൽ പട്രോളിംഗ് സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിലുള്ള കരാറിൽ, സൈനികരെ പിൻവലിക്കുന്നത് ആദ്യപടിയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഒക്ടോബർ 27 ന് പറഞ്ഞിരുന്നു. സമ്മർദ്ദം കുറയ്ക്കുക എന്നതാണ് അടുത്ത ഘട്ടം.