നിയമപരമായി വിവാഹിതരല്ലെങ്കില്‍ ഭാര്യാ-ഭൃതൃബന്ധം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഗാര്‍ഹിക പീഡന പരാതിയില്‍ പുതിയ നീക്കവുമായി കോടതി. നിയമപരമായി വിവാഹിതരായിട്ടില്ലാത്തവര്‍ തമ്മിലുണ്ടാകുന്ന പീഡനക്കുറ്റത്തിന് പരാതി നിലനില്‍ക്കില്ലെന്നാണ് ഹൈക്കോടതി പറയുന്നത്.

ഗാര്‍ഹിക പീഡനക്കുറ്റം സ്ത്രീയുടെ പങ്കാളിക്കെതിരെയോ പങ്കാളിയുടെ ബന്ധുക്കള്‍ക്കെതിരെയോ ബാധകമാകില്ലെന്ന് ഹൈക്കോടതി പറയുന്നു. നിയമപ്രകാരമുള്ള വിവാഹമല്ലെങ്കില്‍ പങ്കാളിയെ ഭര്‍ത്താവായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവില്‍ ആണ് ഈ വിലയിരുത്തല്‍.

തിരുവനന്തപുരം മണക്കാട് സ്വദേശിയായ യുവാവിനെതിരെ കൊല്ലം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. 2009ലാണ് ഹര്‍ജിക്കാരനും യുവതിയും ഒരുമിച്ചു താമസം തുടങ്ങിയത്. യുവതി ആദ്യ വിവാഹബന്ധം വേര്‍പെടുത്താത്ത സാഹചര്യത്തില്‍ രണ്ടാം വിവാഹത്തിന് നിയമ സാധുതയില്ലെന്ന് 2013ല്‍ കുടുംബ കോടതി വിധിച്ചിരുന്നു.

ഒരുമിച്ചു ജീവിച്ച കാലത്ത് ഹര്‍ജിക്കാരന്‍ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് യുവതി പരാതിയില്‍ പറയുന്നു. വിവാഹബന്ധം സാധുവല്ലെന്ന് കുടുംബ കോടതി വിധിച്ചതിനാല്‍ തന്നെ ഭര്‍ത്താവായി കാണാനാവില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ഭര്‍ത്താവോ ഭര്‍തൃബന്ധുക്കളോ ഉപദ്രവിക്കുന്നതു മാത്രമാണ് ഗാര്‍ഹിക പീഡന നിയമയ വ്യവസ്ഥയുടെ (ഐ.പി.സി 498എ, ബി.എന്‍.എസ് 85) നിര്‍വചനത്തില്‍ വരുന്നതെന്നും ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി ഉത്തരവുകളടക്കം വിലയിരുത്തിയ സിംഗിള്‍ബെഞ്ച്, യുവാവിന്റെ വാദം ശരി വച്ച് കേസിന്റെ തുടര്‍നടപടികള്‍ റദ്ദാക്കുകയായിരുന്നു. നിയമപരമായി ഭര്‍ത്താവല്ലാത്തതിനാല്‍ ഈ വകുപ്പുകള്‍ പ്രകാരമുളള കുറ്റകൃത്യം ഏതു കാലഘട്ടത്തില്‍ നടന്നതായാലും നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

Print Friendly, PDF & Email

Leave a Comment

More News