കൊടകര കുഴല്‍‌പണ കേസ്: ബിജെപിയുടെ ‘താമര’ ചിഹ്നം മാറ്റി ‘ചാക്ക്’ ആക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപിക്ക് എതിരെ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. ബിജെപിയുടെ ‘താമര’ ചിഹ്നം ‘ചാക്ക്’ ആക്കി മാറ്റണമെന്നും വി ഡി സതീശനും കെ സുധാകരനും ബിജെപിയെ വിമർശിക്കാതിരിക്കാൻ പ്രത്യേക ഗുളിക കഴിക്കുന്നുണ്ട് എന്നുമായിരുന്നു മുഹമ്മദ് റിയാസിന്റെ പരിഹാസം.

കൊടകര കുഴൽപ്പണ കേസിൽ എന്തുകൊണ്ടാണ് കോൺഗ്രസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെടുന്നില്ല എന്ന് ചോദിച്ച റിയാസ് കോൺഗ്രസിന്റെ ശ്രമം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വെള്ളപൂശാൻ ആണെന്നും വിമർശിച്ചു.

തൃശൂര്‍ ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്‍റെ വെളിപ്പെടുത്തലോടെയാണ് കൊടകര കുഴല്‍പ്പണ കേസ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് നേതൃത്വത്തിന്‍റെ അറിവോടെ കുഴല്‍പ്പണമായി എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പണം വിതരണം ചെയ്‌തതിന് തെളിവുണ്ടെന്നും സതീശ് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് ഫണ്ടിൽ സാമ്പത്തിക ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി ആരംഭിച്ചുവെന്ന പാര്‍ട്ടിയുടെ വാദവും അദ്ദേഹം തള്ളിയിരുന്നു. തൃശൂരിലെ ബിജെപി ഓഫിസില്‍ കോടികള്‍ക്ക് കാവല്‍ നിന്നത് താനാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഓഫിസിലേക്ക് പണം ഒഴുകുന്നുണ്ടായിരുന്നു. ബിജെപി മുൻ ജില്ല ട്രഷററാണ് കള്ളപ്പണം കൈകാര്യം ചെയ്‌തത് തുടങ്ങിയവയായിരുന്നു സതീശന്‍റെ വെളിപ്പെടുത്തല്‍.

അതേസമയം, തിരൂർ സതീശൻ കൊടകര കുഴൽപ്പണ കേസിൽ നടത്തിയ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ഇന്ന് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തും. അതിനുശേഷം ആയിരിക്കും കേസിൽ തുടരാൻ വേഷം വേണമോ പുനരാന്വേഷണം വേണമോ എന്നാ കാര്യത്തിൽ തീരുമാനമെടുക്കുക.

ക്രമ സമാധാന ചുമതലയുള്ള ഡിജിപി മനോജ് എബ്രഹാമിനാണ് കേസിന്റെ മേൽനോട്ട ചുമതല. ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ എന്നതുകൊണ്ട് തന്നെ അദ്ദേഹമാണ് സതീശന്റെ മൊഴി രേഖപ്പെടുത്തുകയും മൊഴി പരിശോധിച്ച ശേഷം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുക.

Print Friendly, PDF & Email

Leave a Comment

More News