അപവാദ പ്രചാരണത്തിന് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പരാതി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ശ്രീകുമാര്‍ മേനോന്‍ അപവാദപ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. ഒടിയൻ സിനിമയ്ക്ക് ശേഷമാണ് സമൂഹ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം ഉണ്ടായതെന്നും മഞ്ജു വാര്യര്‍ പരാതിയില്‍ ഉന്നയിച്ചിരുന്നു.

തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യർ നാല് വർഷത്തോളം നിലപാട് അറിയിച്ചില്ല. തുടർന്നാണ് 2019 ഒക്ടോബർ 23ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കിയത്. മഞ്ജു വാര്യർ അന്നത്തെ സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് നൽകിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തിരുന്നത്.

ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയ കുറ്റങ്ങളും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആക്ഷേപവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റകരമായ ഉദ്ദേശത്തോടെ പിന്തുടര്‍ന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഭീഷണിപ്പെടുത്തി എന്നതിന് ശ്രീകുമാര്‍ മേനോനെ വിചാരണ ചെയ്യാന്‍ മതിയായ തെളിവില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. കേസ് ഗൗരവതരമാണെന്നും വിചാരണ നടത്താന്‍ ആവശ്യമായ തെളിവുണ്ടെന്നുമാണ് പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. 2020 മുതല്‍ പരിഗണനയിലുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യര്‍ നിലപാട് അറിയിച്ചില്ല.

Print Friendly, PDF & Email

Leave a Comment

More News