വാഷിംഗ്ടണ്‍: യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച അവസാനിച്ചപ്പോള്‍ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയില്‍ വിജയിച്ചു. ജോർജിയ ഉൾപ്പെടെയുള്ള ആദ്യത്തെ ആറ് സംസ്ഥാനങ്ങളിൽ 5:30 ന് വോട്ടെടുപ്പ് അവസാനിച്ചു. ആദ്യ ഫലസൂചനകൾ വന്നുതുടങ്ങുമ്പോൾ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നിലവിലെ വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെക്കാൾ ബഹുദൂരം മുന്നിലാണ്.
റിപ്പബ്ലിക്കൻ ശക്തികേന്ദ്രമായ ഇന്ത്യാനയിൽ ട്രംപ് വിജയിക്കുകയും കമല ഹാരിസ് വെർമോണ്ടിനെ പിടിച്ചെടുക്കുകയും ചെയ്‌തതോടെ തുടക്കത്തിൽ അത്ഭുതങ്ങളൊന്നും തന്നെ കാണാനിടയായില്ല. അതേസമയം പോളിങ് സ്‌റ്റേഷനുകളിൽ നിരവധി വ്യാജ ബോംബ് ഭീഷണികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് ജോർജിയ ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ വോട്ടിങ് തടസപ്പെടുത്തി. റഷ്യയിൽ നിന്നാകാം ഈ വ്യാജ ഭീഷണികൾ ഉണ്ടായതെന്ന് എഫ്ബിഐയും പ്രാദേശിക അധികാരികളും പറഞ്ഞു.
ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തികേന്ദ്രമായ പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ വഞ്ചന നടന്നുവെന്ന് ട്രംപ് സമൂഹ മാധ്യമമായ എക്‌സിലൂടെ പറഞ്ഞു. എന്നാൽ, ഈ ആരോപണം സത്യമല്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ സിറ്റി കമ്മീഷണർ സേത്ത് ബ്ലൂസ്‌റ്റീൻ എക്‌സിലൂടെ പ്രതികരിച്ചു. ഇന്ന് രാത്രിയോടുകൂടി തങ്ങൾ വലിയ വിജയം നേടുമെന്ന് ട്രംപ് പറഞ്ഞു.
2020ൽ ജോ ബൈഡനോടൊപ്പം മത്സരിച്ച് തോറ്റത് ട്രംപ് ഇപ്പോഴും അംഗീകരിക്കാൻ തയ്യാറായിട്ടില്ല. അന്നത്തെ തോൽവിയിൽ പ്രകോപിതരായ അദ്ദേഹത്തിൻ്റെ അനുയായികൾ യുഎസ് ക്യാപിറ്റലിന് നേരെ ആക്രമണം അഴിച്ച് വിട്ടിരുന്നു. എന്നാൽ അദ്ദേഹം പരാജയപ്പെട്ടാല്‍ അത് വീണ്ടും ആവർത്തിക്കുമോയെന്ന ഭയമുണ്ട്.
ന്യൂജേഴ്‌സി കമലയ്‌ക്കൊപ്പം: ന്യൂജേഴ്‌സിയിലെ 14 ഇലക്‌ടറൽ വോട്ടുകൾ നേടി കമലാ ഹാരിസ് വിജയിച്ചു.
ഇന്ത്യാനയിലും ഡൊണാൾഡ് ട്രംപ്: ഇന്ത്യാനയിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചു. 20 വർഷമായി റിപ്പബ്ലിക്കൻ പാർട്ടിയാണ് ഇന്ത്യാന ഭരിക്കുന്നത്.
വെർമോണ്ടിൽ കമല ഹാരിസ്: ഡെമോക്രാറ്റിക് ശക്തികേന്ദ്രമായ വെർമോണ്ടിൽ കമലാ ഹാരിസ് വിജയിച്ചു. കഴിഞ്ഞ എട്ട് പ്രസിഡൻ്റ് തെരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് അനുകൂലമായി വോട്ട് ചെയ്‌ത സംസ്ഥാനമാണ് വെർമോണ്ട്.
കെൻ്റക്കിയിൽ ഡൊണാൾഡ് ട്രംപ്: തുടർച്ചയായ മൂന്നാം തെരഞ്ഞെടുപ്പിലും കെൻ്റക്കിയിൽ വിജയിച്ച് റിപബ്ലിക്കന്‍ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. കെന്‍റക്കിയില്‍ നിന്ന് ട്രംപിന് ലഭിക്കുക എട്ട് ഇലക്‌ടറൽ വോട്ടാണ്.