കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന മുറികളില്‍ പോലീസിന്റെ പരിശോധന സംഘര്‍ഷം സൃഷ്ടിച്ചു

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളില്‍ പോലീസ് നടത്തിയ പരിശോധന സംഘര്‍ഷത്തില്‍ കലാശിച്ചു. തിരഞ്ഞെടുപ്പിനായി അനധികൃത പണം ഹോട്ടലില്‍ എത്തിച്ചിട്ടുണ്ടെന്ന പരാതിയിലാണ് ചൊവ്വാഴ്ച അര്‍ധരാത്രി പോലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയത്. പോലീസ് പരിശോധനയ്ക്കിടെ സി.പി.എം, ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സംഘം അര്‍ധരാത്രി 12 മണിയോടെ പരിശോധനയ്‌ക്കെത്തിയതെന്നാണ് വിവരം. കാറില്‍ പണമെത്തിച്ചെന്നാണ് ആരോപണം. സംഭവസമയം സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിലുണ്ടായിരുന്നതായി സി.പി.എം, ബി.ജെ.പി. നേതാക്കള്‍ ആരോപിച്ചു.

കോണ്‍ഗ്രസ് വനിതാനേതാവായ ബിന്ദു കൃഷ്ണയുടെ മുറിയിലാണ് പോലീസ് ആദ്യം പരിശോധന നടത്തിയത്. പിന്നാലെ ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ പരിശോധനയ്‌ക്കെത്തിയെങ്കിലും വനിതാ പോലീസ് ഇല്ലാതെ പരിശോധന നടത്താനാവില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ നിലപാടെടുത്തു. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടും പോലീസ് തയ്യാറായില്ലെന്നും മുറിയിലേക്ക് പോലീസ് ഇടിച്ചുകയറിയെന്നും വനിതാനേതാക്കള്‍ ആരോപിച്ചു.

ഇതിനു പിന്നാലെയാണ് സ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ പോലീസിനെതിരേ തിരിഞ്ഞത്. ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍നിന്ന് ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് എഴുതിനല്‍കി. സംഭവമറിഞ്ഞ് രാത്രി 1.30-ഓടെ എം.പി.മാരായ ഷാഫി പറമ്പില്‍, വി.കെ. ശ്രീകണ്ഠന്‍ എന്നിവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി.

സി.പി.എമ്മിന്റെ തിരക്കഥയാണിതെന്നും എല്ലാ മുറികളിലും പണമുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പണം കണ്ടെത്തിയോയെന്ന കാര്യം പോലീസ് എഴുതിനല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അര്‍ധരാത്രി 12ന് തുടങ്ങിയ പരിശോധന പുലര്‍ച്ചെ രണ്ടുമണി കഴിഞ്ഞും തുടർന്നു. അതിനിടെ പലതവണ സ്ഥലത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും കൈയാങ്കളിയുമുണ്ടായി. ബുധനാഴ്ച പുലർച്ചെ മൂന്നരമണി വരെ പോലീസ് പരിശോധന നീണ്ടു. അതുവരെ സ്ഥലത്ത് സംഘർഷാവസ്ഥയുമുണ്ടായി.

Print Friendly, PDF & Email

Leave a Comment

More News