കോഴിക്കോട് : മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന വസ്തുതാ വിരുദ്ധവും സംഘ്‌പരിവാർ – കാസ കൂട്ടുകെട്ടിനെ പ്രീതിപ്പെടുത്താനുള്ള വിലകുറഞ്ഞ രാഷ്ട്രീയവുമാണെന്ന് ഐ എൻ എൽ.
ചെറായിയിലെ ഭൂമി വഖഫാണെന്ന് അറിയാതെ പണം നൽകി സ്ഥലം വാങ്ങിയ നിരപരാധികളായ സാധാരണക്കാരുടെ ആശങ്ക അകറ്റാനല്ല, മറിച്ച് സ്ഥലം അനധികൃതമായി കൈയ്യേറിയ വൻകിട മാഫിയയുടെയും റിസോർട്ട് ഉടമകളുടെയും താൽപര്യം സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് കണ്ണടച്ച് ഇരുട്ടാക്കുന്ന സതീശന്റെ നിലപാടിന് പിന്നിൽ.
1902 ൽ തിരുവിതാംകൂർ രാജാവ് ഗുജറാത്തിൽ നിന്നെത്തിയ അബ്ദുസ്സത്താർ മൂസ ഹാജി സേട്ടിന് 404 ഏക്കർ ഭൂമിയും 60 ഏക്കർ വെള്ളക്കെട്ടും പാട്ടത്തിന് കൊടുത്തതിന്റെ രേഖയുണ്ട്. 1948 ൽ തന്റെ പിൻഗാമി മുഹമ്മദ് സിദ്ദീഖ് സേട്ടിന് മൂസ സേട്ട് സ്വത്ത് കൈമാറുകയായിരുന്നു. 1950 ൽ 2115-ാം നമ്പർ ആധാരമായി പ്രസ്തുത ഭൂമി മുഹമ്മദ് സേട്ട് ഫാറൂഖ് കോളേജിന് വഖഫ് ചെയ്തതിൻ്റെ പ്രമാണം വക്കീൽ കൂടിയായ പ്രതിപക്ഷ നേതാവ് ഇതുവരെ കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ?
ചെറായിയിലെ വഖഫ് ഭൂമി അനുസൃതം കൈയ്യേറ്റം ചെയ്യപ്പെടുകയും ക്രയവിക്രിയങ്ങൾ നിയമവിരുദ്ധമായി നടക്കുകയും ചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് 2008 ൽ വി എസ് സർക്കാർ ജസ്റ്റിസ് നിസാറിനെ കമ്മീഷനായി നിയമിക്കുന്നതും അദ്ദേഹത്തിൻ്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് ഉത്തരവുകൾ ഇറക്കുന്നതും.
2019 ൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ വഖഫ് ബോർഡ് ചെയർമാനായിരുന്നപ്പോഴാണ് മുനമ്പം സ്വത്ത് തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. അതോടെയാണ് റിസോര്‍ട്ട് മാഫിയ പ്രക്ഷോഭവുമായി രംഗത്ത് വരുന്നതും വർഗീയ ധ്രുവീകരണത്തിന് ശ്രമങ്ങളാരംഭിക്കുന്നതും. നിലവിലെ വഖഫ് നിയത്തിലെ അപാകതകൾ കൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്ന മട്ടിൽ ഹിന്ദു ഐക്യവേദിയും കാസയും മോദി സർക്കാർ കൊണ്ടുവരുന്ന പുതിയ വഖഫ് നിയമ ഭേദഗതിക്ക് വേണ്ടി നടത്തുന്ന പ്രചാരണമാണ് വി ഡി സതീശനും ഏറ്റെടുത്തിരിക്കുന്നതെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.