കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയോടനുബന്ധിച്ച് അറസ്റ്റിലായി പിന്നീറ്റ് ജാമ്യത്തിലിറങ്ങിയ പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഗൂഢാലോചനയിലേക്ക് അന്വേഷണം എത്താത്തതിൽ കുടുംബത്തിന് അതൃപ്തിയുണ്ടെന്നും, എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും ഹൈക്കോടതിയില്‍ ബോധ്യപ്പെടുത്തുമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.
ഇന്നലെയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ദിവ്യക്ക് ജാമ്യം അനുവദിച്ചത്. 11 ദിവസം പള്ളിക്കുന്ന് വനിതാ ജയിലിലായിരുന്നു ദിവ്യ. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാക്കണം, കണ്ണൂർ ജില്ല വിട്ടു പോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നവീൻ ബാബുവിന്‍റെ മരണത്തിൽ ദുഃഖമുണ്ടെന്ന് പറഞ്ഞ ദിവ്യ, തന്‍റെ നിരപരാധിത്വം തെളിയണമെന്നും കേസിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും പറഞ്ഞു.
കോന്നി തഹസില്‍ദാരായ മഞ്ജുഷ നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് അവധിയിലാണ്. തന്നെ തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ജുഷ അപേക്ഷ നല്‍കിയിട്ടുണ്ട്. കൂടിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല. കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റി നല്‍കണമെന്നും മഞ്ജു ആവശ്യപ്പെട്ടു. അടുത്തമാസം തിരികെ ജോലിയില്‍ പ്രവേശിക്കാനിരിക്കേയാണ് അപേക്ഷ നല്‍കിയത്.
വിധി അപ്രതീക്ഷിതമെന്നായിരുന്നു മഞ്ജുഷയുടെ പ്രതികരണം. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കഴിഞ്ഞ മാസം 29നാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങിയത്.