കൊച്ചി: കൊടകര കള്ളപ്പണ കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ച് ആദായനികുതി വകുപ്പിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ നിർദ്ദേശിച്ചു കൊണ്ട് നോട്ടീസ് അയച്ചിരിക്കുന്നത്.
കേസിൽ സംസ്ഥാന പോലീസ് മേധാവിയോടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് കൊടകര കവർച്ച കേസിലെ അൻപതാം സാക്ഷിയായ സന്തോഷാണ് ഹർജി സമർപ്പിച്ചത്.
കൊടകരക്ക് അടുത്ത് ദേശീയപാതയിൽ ഒരു സംഘം കാറിൽ നിന്ന് പണം അപഹരിച്ചത് 2021 ഏപ്രിൽ മൂന്നിനാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നടന്ന സംഭവത്തിൽ ആദ്യഘട്ടത്തിൽ 25 ലക്ഷം രൂപ അപഹരിക്കപ്പെട്ടു എന്നാണ് പരാതി നൽകിയിരുന്നത് എങ്കിലും പിന്നീട് അത് 3.5 കോടി രൂപ നഷ്ടപ്പെട്ടതായി തെളിയുകയും ചെയ്തിരുന്നു. ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കള്ളപ്പണം ആണെന്ന ആരോപണം ഉയർന്നതോടെ വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.