കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ കേളകത്ത് മലയമ്പാടി റോഡിലെ കൊടും വളവിലേക്ക് നാടകസംഘം സഞ്ചരിച്ചിരുന്ന മിനിബസ് മറിഞ്ഞ് രണ്ട് പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് (നവംബര്‍ 15 വെള്ളിയാഴ്ച) പുലർച്ചെയായിരുന്നു സംഭവം.
ഗൂഗിൾ മാപ്പിന്‍റെ നിർദേശം അനുസരിച്ച് ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്‌തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മാപ്പിൽ കാണിച്ച എളുപ്പ വഴിയിലുടെയാണ് ബസ് കടന്നു പോയത്. മലയാംപടി എസ് വളവിലെത്തിയതും പെട്ടെന്ന് നിയന്ത്രണം വിട്ട ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു.
കായംകുളം മുതുകുളം സ്വദേശിനി അഞ്ജലി (32), തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. ഇരുവരും നാടക സംഘത്തിലെ പ്രധാന നടിമാരാണ്. കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കായംകുളം ദേവ കമ്മ്യൂണിക്കേഷൻസിൻ്റെ മിനി ബസ് കടന്നപ്പള്ളിയിൽ പ്രകടനം കഴിഞ്ഞ് സുൽത്താൻ ബത്തേരിയിലേക്ക് പോകുന്നതിനിടെ പുലർച്ചെ നാലോടെയാണ് അപകടമുണ്ടായത്. വെല്ലുവിളി നിറഞ്ഞ ‘എസ്’ വളവിൽ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റവരിൽ മൂന്ന് പേരെ ചുങ്കക്കുന്ന് സെൻ്റ് കാമില്ലസ് ആശുപത്രിയിലും ബാക്കി ഒമ്പത് പേരെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
മരിച്ചവരുടെ മൃതദേഹം തുടർ നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.