എടത്വ: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ലയൺ ഗോകുൽ അനിൽ വിദ്യാഭ്യാസ രംഗത്ത് നേടിയ നേട്ടത്തിന് ലയൺസ് ക്ളബ് ഭാരവാഹികളുടെ അഭിനന്ദന പ്രവാഹം. യുകെ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയതിനാണ് ഗോകുൽ അനിലിനെ ലയൺസ് കുടുംബം അഭിനന്ദിച്ചത്.
പ്രവാസിയായ ലയൺ പി വി അനില്‍കുമാര്‍ (യുഎസ്എ) , ക്ളബ് ചാരിറ്റി പ്രോജക്ട് കൺവീനർ ഷേർലി അനില്‍ ദമ്പതികളുടെ മകനാണ് ലയൺ ഗോകുൽ അനിൽ. 2957 നടുവിലെമുറി എൻഎസ്എസ് കരയോഗം സെക്രട്ടറി, കുട്ടനാട് താലൂക്ക് വനിതാ യൂണിയൻ ട്രെഷറർ, കുട്ടനാട് എൻഎസ്എസ് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കോർഡിനേറ്റർ, കമ്മിറ്റി മെമ്പർ, നടുവിലെമുറി വനിതാ സമാജ കമ്മറ്റി മെമ്പർ, എസ്എച്ച് ഗ്രൂപ്പിന്റെ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും ഷേർലി അനിൽ പ്രവര്‍ത്തിച്ചുവരുന്നു. ഒരു കുടുംബത്തിൽ നിന്നും മൂന്ന് അംഗങ്ങൾ ക്ലബ് മെമ്പർഷിപ്പ് നേടിയ അംഗീകാരവും ഇവർക്ക് സ്വന്തം.
ഡിസ്ട്രിക്ട് 318ബി ഗവർണർ എംജെഎഫ് ആർ. വെങ്കിടാചലം, റീജിയണൽ ചെയർമാൻ ലയൺ ജേക്കബ് ടി നീണ്ടിശ്ശേരി ,സോൺ ചെയർമാൻ എംജെഎഫ് സുരേഷ് ബാബു, ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള,സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ എന്നിവർ അഭിനന്ദിച്ചു.
ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ആരംഭിച്ച വിശപ്പ് രഹിത എടത്വ പദ്ധതി 255 ദിവസങ്ങൾ പിന്നിട്ടു.