ധനുഷ് മുഖം മൂടിയണിഞ്ഞ് സമൂഹത്തെ വഞ്ചിക്കുന്നു: രൂക്ഷ വിമര്‍ശനവുമായി നടി നയന്‍‌താര

നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നടി നയൻതാര രംഗത്ത്. ധനുഷ് മുഖംമൂടി ധരിച്ച് പൊതുജനങ്ങൾക്ക് മുന്നിൽ അഭിനയിക്കുകയാണെന്നും ധനുഷിന് തന്നോട് പക വെച്ചു പുലര്‍ത്തുകയാണെന്നും നടി ആരോപിച്ചു. തന്നെയുമല്ല, തൻ്റെ ഡോക്യുമെൻ്ററിയുടെ റിലീസ് ധനുഷ് തടസ്സപ്പെടുത്തുകയാണെന്നും നയൻതാര ആരോപിച്ചു.

‘നാനും റൗഡി താൻ’ എന്ന ധനുഷ് നിർമ്മാതാവായ ചിത്രത്തിൽ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും നയൻതാരയെ കുറിച്ചുള്ള നെറ്റ് ഫ്ലിക്സിന്റെ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ ധനുഷ് എൻ ഒ സി നൽകിയില്ലെന്ന് ആരോപിച്ചാണ് തർക്കം. ഡോക്യുമെന്ററിയുടെ 3 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിലെ ദൃശ്യങ്ങൾ നീക്കുന്നതിന് ധനുഷ് പത്തുകോടി രൂപ ആവശ്യപ്പെട്ട് തനിക്ക് വക്കീൽ നോട്ടീസ് അയച്ചു എന്നും നയൻതാര പറയുന്നു.

മൂന്ന് പേജ് ഉള്ള തുറന്ന കത്തിലൂടെ ധനുഷിനെതിരെ രംഗത്തെത്തിയ താരം ഡോക്യുമെന്ററി ധനുഷിൽ നിന്നും എൻ ഒ സി ലഭിക്കാത്തതിനാൽ തങ്ങൾക്ക് റീ എഡിറ്റ് ചെയ്യേണ്ടിവന്നു എന്നും അതുകൊണ്ടാണ് ഡോക്യുമെന്ററിയുടെ റിലീസ് വൈകിയത് എന്നും താരം പറഞ്ഞു. നയൻതാരയെ കുറിച്ചുള്ള ഡോക്യുമെന്ററി ആയ ‘നയൻതാര ബിയോണ്ട് ഫെയറി ടെയിൽ’ റിലീസ് ചെയ്യുന്നതിന് മുന്നോടിയായാണ് ധനുഷിനെതിരെ ആരോപണവുമായി നയൻതാര രംഗത്തെത്തിയിരിക്കുന്നത്.

മുഖംമൂടിയുമായി ജീവിക്കുന്ന വ്യക്തിയാണ് ധനുഷ് എന്ന് പറഞ്ഞ നയൻതാര തന്നെ കുറിച്ചുള്ള ഡോക്യുമെന്ററി റിലീസ് ചെയ്യുന്നത് വളരെ സുപ്രധാനമായ ഭാഗം ഇല്ലാതെയാണ് എന്നും ഓഡിയോ ലോഞ്ചുകളിൽ കാണുന്ന മുഖം അല്ല യഥാർത്ഥത്തിൽ ധനുഷിന്റേത് എന്ന് വ്യക്തമാക്കുകയും ചെയ്തു.

മറ്റുള്ളവരുടെ ദൗർഭാഗ്യങ്ങളിൽ സന്തോഷിക്കുന്ന വ്യക്തിയാണ് ധനുഷ് എന്ന് തുറന്നടിച്ച താരം തമിഴ്നാട്ടിലെ ജനങ്ങൾ ധനുഷിന്റെ സ്വേച്ഛാധിപത്യ പ്രവണത തിരിച്ചറിയണമെന്നും പറഞ്ഞു. ദൈവം എല്ലാം കാണുന്നുണ്ടെന്നും കള്ളക്കഥകൾ മെനഞ്ഞ് താങ്കൾ ന്യായീകരിക്കാൻ ശ്രമിക്കുമായിരിക്കും എന്നും പറഞ്ഞ നയൻതാര ദൈവത്തിന്റെ കോടതിയിൽ ധനുഷിന് ന്യായീകരിക്കേണ്ടി വരും എന്നും കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Leave a Comment

More News