കോഴിക്കോട്: മാങ്കാവ് എം. ഐ. യു. പി. സ്കൂളിൽ പച്ചക്കറി തോട്ട നിർമ്മാണോദ്ഘാടനം മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി നിർവഹിച്ചു. പരിമിതമായ സാഹചര്യത്തിലും സ്കൂൾ ഉച്ചഭക്ഷണ വിഭവങ്ങളിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി വിദ്യാർത്ഥികളും അധ്യാപകരും കാണിക്കുന്ന താല്പര്യവും സന്നദ്ധതയും അദ്ദേഹം അഭിനന്ദിച്ചു. സ്കൂൾ മാനേജർ എൻ. സി. അബ്ദുൽ അസീസ് ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മർകസ് അസോസിയേറ്റ് ഡയറക്ടർ എജ്യുക്കേഷൻ ഉനൈസ് മുഹമ്മദ്, മർകസ് കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് പ്രിൻസിപ്പൽ പ്രൊഫ. കെ. വി. ഉമറുൽ ഫാറൂഖ്, കോസ്റ്റൽ എജുക്കേഷൻ മിഷൻ ഡയറക്ടർ അബ്ദുല്ലത്തീഫ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.
കോഴിക്കോട് സബ്ജില്ലാ അറബിക് കലോത്സവം ഓവറോൾ ചാമ്പ്യന്മാരായ സ്കൂളിലെ കലാപ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ മുഖ്യാതിഥി യു. ആർ. സി. സൗത്ത് ബി.പി.സി. പ്രവീൺകുമാർ സമ്മാനിച്ചു. വിദ്യാർത്ഥികൾ മൂല്യങ്ങൾ മുറുകെപ്പിടിക്കാനും രാഷ്ട്രബോധമുള്ള ഉത്തമ പൗരന്മാരാകാനും അദ്ദേഹം ആഹ്വാനം ചെയ്തു. നൗഫൽ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. ഷാജു മാസ്റ്റർ സ്വാഗതവും അസ്ലം മാസ്റ്റർ നന്ദിയും പറഞ്ഞു.