കൊച്ചി: ബിജെപി വക്താവ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസിലേക്കുള്ള ചുവടു മാറ്റത്തില്‍ മുഖ്യമന്ത്രി എന്തിനാണ് അസ്വസ്ഥതപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ചോദിച്ചു. ബിജെപിയുടെ മുഖവും ശബ്ദവുമായിരുന്ന ഒരാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ ബിജെപിക്കില്ലാത്ത പ്രശ്നമാണ് സിപിഎമ്മിനെന്നും സതീശൻ പറഞ്ഞു. പിണറായി വിജയന് സാദിഖലി തങ്ങളെ വിമര്‍ശിച്ചത് സംഘപരിവാറിനെ പ്രീണിപ്പിക്കാനാണ്. ബിജെപിക്കാര്‍ മറ്റൊരു പാര്‍ട്ടിയിലും ചേരരുതെന്നാണോ മുഖ്യമന്ത്രിയുടെ നിലപാട് എന്നും വിഡി സതീശന് ചോദിച്ചു.
സന്ദീപ് വാര്യരുടെ പാര്‍ട്ടി പ്രവേശം നേരത്തെ തീരുമാനിച്ച കാര്യമാണ്. വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് ഇനിയും ആളുകള്‍ കോണ്‍ഗ്രസിലേക്ക് വരും. സന്ദീപ് വാര്യരെ ഒരിക്കലും പിന്നില്‍ നിര്‍ത്തില്ല. ആര്‍എസ്എസുകാര്‍ അവിടെത്തന്നെ തുടരണമെന്നാണോ മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത്.
സന്ദീപ് വാര്യര്‍ മിടുക്കനാണ്, സത്യസന്ധനാണ്, ക്രിസ്റ്റല്‍ ക്ലിയറാണ് എന്നൊക്കെ പറഞ്ഞത് സിപിഎം നേതാക്കളാണ്. അദ്ദേഹം പാര്‍ട്ടിയിലേക്ക് വന്നാല്‍ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുതല്‍ ജില്ലാ സെക്രട്ടറി വരെ പറഞ്ഞു. ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരാത്തതിനാല്‍ ഇയാള്‍ വലിയ കുഴപ്പക്കാരനാണെന്നാണ് ഇപ്പോള്‍ പറയുന്നത്. മന്ത്രി എംബി രാജേഷിന്റെ കാപട്യം ഇപ്പോള്‍ ജനങ്ങള്‍ തിരിച്ചറിയുകയാണെന്നും വിഡി സതീശന് കുറ്റപ്പെടുത്തി.