പത്തനംതിട്ട: നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, സത്യസന്ധമായ അന്വേഷണം വേണമെന്നും അച്ഛന് സജീവ് വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ നിരവധി തവണ കോളേജ് പ്രിന്‍സിപ്പലിനെ വിളിച്ച് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു എന്നും എന്നാല്‍, താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും തയ്യാറാകാതെ പ്രൊഫ. എന്‍ അബ്ദുല്‍ സലാം ഇടയ്ക്കു വെച്ച് ഫോണ്‍ കട്ട് ചെയ്യുമെന്നും സജീവ് പറഞ്ഞു. അലീന ,അഞ്ജന , അഷിത എന്നിവര്‍ മകളെ മാനസികമായി പീഡിപ്പിക്കുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് മകള്‍ പറയാറുണ്ടായിരുന്നു എന്നും സജീവ് ആരോപിച്ചു.
അമ്മു സജീവിന്റെ മരണം ഞെട്ടിക്കുന്നതാണെന്നും, ഇനി ഇത് ആര്‍ക്കും സംഭവിക്കാന്‍ പാടില്ലെന്നും അറിയിച്ച് ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹന്‍ കുന്നുമ്മല്‍. വസ്തുതയെന്തെന്ന് ആരോഗ്യ സര്‍വ്വകലാശാലക്കും അറിയണം. രക്ഷിതാക്കളുമായി വിശദമായി സംസാരിച്ചിരുന്നു. അന്വേഷണത്തിന് നാലംഗ സമിതി നിലവിലുണ്ട്.
കോളേജിലെത്തി എല്ലാവരേയും കണ്ട് സംസാരിക്കും, മാതാപിതാക്കളേയും കണ്ട് സംസാരിക്കുമെന്നും ഡോ. മോഹന്‍ കുന്നുമ്മല്‍ അറിയിച്ചു. പൊലീസ് അന്വേഷണവും കാര്യക്ഷമമായി നടക്കണം. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. അതിന് വേണ്ട നടപടി എടുക്കും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വീഴ്ചയുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടി ഉണ്ടാകും.
കോളേജിലെ പ്രശ്നങ്ങളില്‍ രക്ഷിതാക്കല്‍ നല്കിയ പരാതി ഉണ്ട്. ആ പരാതിയിലെ തുടര്‍ നടപടിയില്‍ അടക്കം എല്ലാത്തിലും വിശദമായ അന്വേഷണം നടക്കും. ഒരു കുട്ടിയെയും ഇങ്ങനെ നഷ്ടപ്പെടാന്‍ ഇനി അവസരം ഉണ്ടാകില്ലെന്നും വിസി ഉറപ്പ് നല്കി. ആന്റി റാഗിംഗ് സെല്ലിന്റെ പ്രവര്‍ത്തനം അടക്കം വരും ദിനങ്ങളില്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.