ന്യൂയോർക്ക്: ന്യൂയോർക്കിലെ മലയാളികളുടെ സാംസ്കാരിക പൈതൃകം നിലനിർത്തുന്ന ഈറ്റില്ലമായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് 52-ാമത് വാർഷിക ഹോളിഡേ പാർട്ടിയും ഫാമിലി നൈറ്റും നവംബർ 23 ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ അതിവിപുലമായി ആഘോഷിക്കുന്നു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി ഒത്തൊരുമയോടെ പ്രവർത്തിച്ചു വരുന്ന കേരളാ സമാജം കൂടുതൽ അംഗങ്ങളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് കൊണ്ട് ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ (Tyson Center, 26 N Tyson Ave, Floral Park, NY 11001) ഫാമിലി നൈറ്റ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കേരളാ സമാജത്തിന്റെ ഈ വർഷം നടത്തപ്പെട്ട പരിപാടികളെല്ലാം കൂടുതൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
കൂടുതൽ യുവജനങ്ങൾ കേരളാ സമാജത്തിന്റെ പരിപാടികളിൽ പങ്കെടുക്കുവാൻ താൽപ്പര്യം കാണിക്കുന്നത് കേരളാ സമാജത്തിന്റെ ഭാവിയിലേക്കുള്ള യാത്ര മാർഗ്ഗതടസ്സമില്ലാതെ അനായാസം മുമ്പോട്ട് കൊണ്ടുപോകുവാൻ സാധിക്കും എന്നതിന്റെ സൂചനയാണ്. പുതിയ അംഗങ്ങളെ ചേർത്ത് സംഘടനയുടെ അംഗത്വം വർധിപ്പിക്കുവാൻ ഈ വർഷത്തെ ഭരണ സമിതിക്ക് സാധിച്ചു. സമാജം എക്സിക്യൂട്ടീവ് കമ്മറ്റിയും ട്രസ്റ്റീ ബോർഡ് അംഗങ്ങളും ഈ വർഷത്തെ അടുത്ത പരിപാടിയായ കുടുംബ സംഗമം ഏറ്റവും വിജയപ്രദമാക്കുന്നതിന് ഒത്തൊരുമിച്ച് പരിശ്രമിക്കുന്നു. അതിനായി കൂട്ടായ ആലോചനാ യോഗങ്ങൾ ഇതിനോടകം നടത്തിക്കഴിഞ്ഞു.
“കുടുംബ സംഗമത്തിലൂടെ സമാജത്തിലെ എല്ലാ മുൻകാല അംഗങ്ങളെയും കാണുന്നതിനും പരസ്പരം സ്നേഹ ബന്ധങ്ങൾ അരക്കിട്ടുറപ്പിക്കുന്നതിനുമുള്ള അവസരമാണ് ലഭ്യമാകുന്നത്. പരസ്പരം കാണുവാനും സംവാദിക്കുവാനും കലാപരമായ കഴിവുള്ളവർക്ക് അവ പ്രദർശിപ്പിക്കുവാനും അവസരം ഒരുക്കുന്ന ഫാമിലി നൈറ്റ് ഏറ്റവും വിജയപ്രദമാക്കുന്നതിന് എല്ലാ കേരളാ സമാജം അംഗങ്ങളും ഈ ശനിയാഴ്ച വൈകിട്ട് 6 മണിക്ക് തന്നെ ടൈസൺ സെന്ററിൽ എത്തിചേരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം” സമാജം പ്രസിഡന്റ് സിബി ഡേവിഡ് ഫ്ലോറൽ പാർക്കിൽ പ്രസ്താവിച്ചു.
“സമാജത്തിലെ ആദ്യകാല അംഗങ്ങളിൽ പലരും മറ്റ് സംസ്ഥാനങ്ങളിലേക്ക് താമസം മാറി പോയിട്ടുണ്ട്. അങ്ങനെയുള്ളവരെയും കൂട്ടി വരുത്തണമെന്നാണ് താൽപര്യപ്പെടുന്നത്. അൻപതാമത് വാർഷികം ആഘോഷിച്ചപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കുറേപ്പേർ വന്ന് പങ്കെടുത്തിരുന്നു. ആദ്യകാലത്തെ കുറെ അംഗങ്ങൾ മരണത്തിലൂടെ ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു. എന്നാൽ ജീവിച്ചിരിക്കുന്ന എല്ലാ അംഗങ്ങളുമായി ബന്ധപ്പെടുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വാർത്ത വായിക്കുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിലെ മുൻ കാല അംഗങ്ങളായ ആരെങ്കിലും ഞങ്ങളുമായി ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നെങ്കിൽ വാർത്തയുടെ അവസാനം കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.” ട്രസ്റ്റീ ബോർഡ് ചെയർമാൻ സണ്ണി പണിക്കർ പറഞ്ഞു.
അര നൂറ്റാണ്ടിലധികം പ്രായമായ കേരളാ സമാജത്തിന്റെ നിലവിലുള്ള അംഗങ്ങളുടെയെല്ലാം വിവരങ്ങളടങ്ങുന്ന രജിസ്ട്രി പുതുക്കുന്നതിന്റെ തിരക്കിലാണ് മെമ്പർഷിപ് കമ്മറ്റി ചെയർമാനും ജോയിന്റ് സെക്രട്ടറിയുമായ ജോസി സ്കറിയാ. കേരളാ സമാജത്തിന്റെ അംഗങ്ങളായ എല്ലാവരും തങ്ങളുടെ ഫോൺ നമ്പറുകളും, അഡ്രസ്സും ഇമെയിൽ ഐ.ഡി-യും ഈ വാർത്തയുടെ അവസാനം കൊടുത്തിരിക്കുന്ന ആരുടെയെങ്കിലും ഫോൺ നമ്പറിലോ ഇമെയിൽ ഐ.ഡി-യിലോ നൽകി സഹകരിക്കണമെന്ന് വൈസ് പ്രസിഡൻറ് മേരി ഫിലിപ്പ്, സെക്രട്ടറി സജി എബ്രഹാം, ട്രഷറർ വിനോദ് കേയാർക്കെ എന്നിവർ സംയുക്തമായി അറിയിക്കുന്നു.
കേരള സമാജത്തിന്റെ 2024-ലെ അവസാന പരിപാടിയാണ് 23-ന് നടക്കുന്ന കുടുംബ സംഗമം. അതിൽ പങ്കെടുക്കുന്നതിനും കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും പലരും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കൾച്ചറൽ ചെയർമാൻ കുഞ്ഞു മാലിയിലിൻറെ നേതൃത്വത്തിൽ ഫാമിലി നൈറ്റ് ഏറ്റവും ആസ്വാദ്യകരമാക്കുവാൻ കമ്മറ്റി അംഗങ്ങളും ഓഡിറ്റർമാരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു. വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഡിന്നറും ക്രമീകരിച്ചുകൊണ്ട് കുടുംബ സംഗമം അവിസ്മരണീയമാക്കുയാണ് ചുമതലക്കാർ. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ലീലാ മാരേട്ട്, ഷാജു സാം, ബെന്നി ഇട്ടീര, മാത്യുക്കുട്ടി ഈശോ, മാമ്മൻ എബ്രഹാം, ശ്രീനിവാസൻ, ട്രസ്റ്റീ ബോർഡ് അംഗങ്ങളായ വിൻസെൻറ് സിറിയക്ക്, വർഗ്ഗീസ് കെ. ജോസഫ്, പോൾ ജോസ്, ഫിലിപ്പോസ് കെ. ജോസഫ്, ഓഡിറ്റർമാരായ ഷാജി വർഗ്ഗീസ്, ഹേമചന്ദ്രൻ പെരിയാൽ എന്നിവരും മറ്റ് അംഗങ്ങളും ഒറ്റക്കെട്ടായി കുടുംബ സംഗമം വിജയപ്രദമാക്കുവാൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ വാർഷിക സ്മരണികയായ “കേരളാ സന്ദേശം” പ്രസിദ്ധീകരിക്കുന്നത്തിനുള്ള ക്രമീകരണങ്ങൾ ലീലാ മാരേട്ടിന്റെ നേതൃത്വത്തിലുള്ള പബ്ലിക്കേഷൻ കമ്മറ്റി സജീവമായി നിർവ്വഹിക്കുന്നു. നൂറിലധികം പേജുകളുള്ള സുവനീർ കുടുംബ സംഗമത്തിൽ പ്രകാശനം ചെയ്യുന്നതായിരിക്കും.
“2025 മുതൽ കേരളാ സമാജത്തിന്റെ കമ്മ്യൂണിക്കേഷനുകൾ കൂടുതലും ഈമെയിൽ വഴിയോ ഫോൺ വഴിയോ അറിയിക്കുന്നതിനുള്ള പദ്ധതിയാണ് ഇപ്പോൾ വിഭാവനം ചെയ്യുന്നത്. അതിനാൽ കേരളാ സമാജത്തിന്റെ എല്ലാ അംഗങ്ങളും അവരുടെ മൊബൈൽ ഫോൺ നമ്പറും ഈമെയിൽ ഐ.ഡി-യും താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ, ഈമെയിലിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ ഉദ്യമത്തിൽ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.” സമാജം പ്രസിഡൻറ് സിബി ഡേവിഡ് എല്ലാവരുടെയും അറിവിലേക്കായി പ്രസ്താവിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
1. Thomas David (Sibi), President – Mob: (917 ) 353- 1242 Email: sibidavidny@yahoo.com
2. Sunny Panicker, Board Chairman – Mob: (516) 884-7438 Email: philipopanicker@yahoo.com
3. Saji Abraham, Secretary – Mob: (917) 617-3959 Email: sajiabraham98@gmail.com
4. Vinod Kearke, Treasurer – Mob: (516) 633-5208 Email: vinodkearke@gmail.com