ബംഗ്ലാദേശ്: ഷെയ്ഖ് ഹസീനയുടെ പതനത്തിനു ശേഷം രാഷ്ട്രീയ കലഹം രൂക്ഷമാകുന്നു; എതിരാളികൾക്കിടയിൽ ഐക്യം വർദ്ധിക്കുന്നു!

ബംഗ്ലാദേശിന്റെ സായുധ സേനാ ദിനത്തിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസും മുൻ പ്രധാനമന്ത്രി ഖാലിദ സിയയും വേദി പങ്കിട്ടു. ആറ് വർഷത്തിന് ശേഷമാണ് ഒരു സുപ്രധാന പരിപാടിയിൽ ഖാലിദ സിയ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.

ധാക്ക: ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിയിലൂടെ താഴെയിറക്കിയതിന് ശേഷം ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളാണ് കാണുന്നത്. ഹസീനയുടെ പ്രധാന എതിരാളിയായ ഖാലിദ സിയ ആറ് വർഷത്തിന് ശേഷം ഒരു സുപ്രധാന പരിപാടിയിൽ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു, അവിടെ അവരുടെ സാന്നിധ്യം നിരവധി രാഷ്ട്രീയ സൂചനകൾ നൽകിയിരിക്കുകയാണ്. ഈ പരിപാടിയിൽ ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും ഖാലിദയുടെ തൊട്ടടുത്ത കസേരയിൽ ഇരുന്നു എന്നതാണ് പ്രത്യേകത.

ബംഗ്ലാദേശിൻ്റെ തലസ്ഥാനമായ ധാക്കയിലെ സെനകുഞ്ജയിൽ സായുധ സേനാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്. 12 വർഷത്തിന് ശേഷമാണ് 79 കാരിയായ ഖാലിദ സിയ ഈ പരിപാടിയിൽ പങ്കെടുത്തത്. മരുമകൾ ഷർമിള റഹ്മാൻ, ബിഎൻപി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം സാഹിദ് ഹുസൈൻ എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്നു.

വേദിയിലെത്തിയ ഖാലിദ സിയയെ ബംഗ്ലാദേശ് കരസേനാ മേധാവി വഖാർ ഉസ്സമാൻ, നേവി ചീഫ് അഡ്മിറൽ മുഹമ്മദ് നസ്മുൽ ഹസൻ, എയർഫോഴ്സ് ചീഫ് മാർഷൽ ഹസൻ മഹമൂദ് ഖാൻ എന്നിവർ ഹൃദ്യമായി സ്വീകരിച്ചു.

യൂനുസ് തൻ്റെ പ്രസംഗത്തിൽ ഖാലിദ സിയയെ പ്രത്യേകം പ്രശംസിച്ചു, “മൂന്ന് തവണ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയും രക്തസാക്ഷി പ്രസിഡൻ്റ് സിയാവുർ റഹ്മാൻ്റെ ഭാര്യയുമായ ബീഗം ഖാലിദ സിയ ഞങ്ങളുടെ ഇടയിൽ സന്നിഹിതയായതിൽ ഞങ്ങൾക്ക് പ്രത്യേക ഭാഗ്യവും അഭിമാനവും ഉണ്ട്.”

അതേസമയം, ബിഎൻപി ജനറൽ സെക്രട്ടറി മിർസ ഫക്രുൽ ഇസ്ലാം പറഞ്ഞു, “രാജ്യം മുഴുവൻ സന്തോഷത്തിലാണ്, മാഡത്തിന് (ഖാലിദ) നൽകിയ ബഹുമാനത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്.”

2024 ജൂണിൽ ബംഗ്ലാദേശിൽ ആരംഭിച്ച സംവരണ വിരുദ്ധ പ്രക്ഷോഭം പെട്ടെന്ന് അക്രമാസക്തമായി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി.

2024 ആഗസ്റ്റ് 5 ന്, വൻ പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും ഇടയിൽ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുകയും രാജ്യം വിടുകയും ചെയ്തു. അതിനുശേഷം, മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തില്‍ സൈന്യം ബംഗ്ലാദേശിൽ ഒരു ഇടക്കാല സർക്കാർ രൂപീകരിച്ചു.

അടുത്തിടെ, അമേരിക്കയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ, ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ചത് യാദൃശ്ചികമല്ലെന്നും സമ്പൂർണ ആസൂത്രണപ്രകാരം നടത്തിയ പ്രസ്ഥാനമാണെന്നും മുഹമ്മദ് യൂനുസ് സമ്മതിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News