കൊച്ചി: ആരാധനാലയങ്ങൾക്ക് നേരെ അവകാശവാദം ഉന്നയിച്ചുകൊണ്ട് കോടതിയെ മറയാക്കി സംഘപരിവാർ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഭരണകൂട ഭീകരത അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ വീണ്ടും കലാപ ഭൂമിയായേക്കും എന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദക്കത്ത്. മതം നോക്കി വെടിവെച്ചു കൊല്ലുന്ന സംഘപരിവാർ – ഭരണകൂട ഭീകരതയ്ക്കെതിരെ വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി കച്ചേരിപ്പടിയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശ് സംഭലിലെ ഷാഹി മസ്ജിദിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ അഭിഭാഷക കമ്മീഷണർ നടത്തിയ സർവ്വേക്ക് എതിരെ പ്രതിഷേധിച്ച ചെറുപ്പക്കാരെ പൊലീസ് വെടിവെച്ചു കൊന്നത് അങ്ങേയറ്റം ഭീതിതമാണ്. ഇത്തരം വിഷയങ്ങളിൽ ഉത്തരവ് പ്രസ്താവിക്കുന്നതിന് മുമ്പ് എതിർപക്ഷത്തുള്ളവരെ കേൾക്കണമെന്ന അടിസ്ഥാനപരമായ നിയമവ്യവസ്ഥ പോലും കോടതികൾ പാലിക്കുന്നില്ല എന്നുള്ളത് അത്യന്തം ദുരൂഹമാണ്. 1991ലെ ആരാധനാലയ നിയമത്തെ നോക്കുകുത്തിയാക്കി മുസ്ലിം മത വിഭാഗത്തിൽ പെട്ടവരുടെ ആരാധനാലയങ്ങളെ തകർക്കുവാനും സാംസ്കാരികമായി ഇല്ലായ്മ ചെയ്യാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്. പോലീസ് വെടിവെച്ചു കൊന്ന സാധാരണക്കാരായ ചെറുപ്പക്കാരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, ട്രഷറർ കെ.എ. സദീഖ്, വൈസ് പ്രസിഡൻറ് അസൂറ ടീച്ചർ, സെക്രട്ടറി ആബിദ വൈപ്പിൻ, എറണാകുളം മണ്ഡലം പ്രസിഡൻറ് വി.കെ. അലി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.