മലപ്പുറം: നിയമ വിരുദ്ധ ശാഹി മസ്ജിദ് സർവ്വേയിൽ പ്രതിഷേധിച്ച അഞ്ച് മുസ്ലിം ചെറുപ്പക്കാരെ യു.പി. പോലീസ് വെടിവെച്ചു കൊന്നതിനെതിരെ വെൽഫെയർ പാർട്ടി മലപ്പുറത്ത് പന്തം കുളത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
പതിനാറാം നൂറ്റാണ്ടിൽ മുഗൾ ഭരണകാലത്ത് നിർമിച്ച ഷാഹി മസ്ജിദ്, സംഭൽ ജില്ല ഔദ്യോഗിക വെബ്സൈറ്റിൽ ചരിത്ര സ്മാരകമായി പരിചയപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1991 ലെ ആരാധനാലയ നിയമപ്രകാരം നിലവിലുള്ള ആരാധനാലയങ്ങൾ അതേ സ്വഭാവത്തിൽ നിലനിർത്തണമെന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ലംഘിക്കുക എന്നുള്ളത്, കോടതി നിയമലംഘനത്തിന് കൂട്ടുനിൽക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, ഈ നിയമത്തെ അവഗണിച്ച് കഴിഞ്ഞ ചൊവ്വാഴ്ച സംഭൽ കോടതിയാണ് ഷാഹി മസ്ജിദിൽ സർവേ നടത്താൻ അഡ്വക്കേറ്റ് കമ്മീഷണറിനെ ചുമതലപ്പെടുത്തിയത്. ഹരജിക്കാരുടെ വാദപ്രകാരം മസ്ജിദ് നിലനിന്ന സ്ഥലം മുമ്പ് ഹരിഹര ക്ഷേത്രമായിരുന്നുവെന്നാണ് അവകാശവാദം.
ഹരജി സമർപ്പിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ കോടതി സർവേയ്ക്ക് അനുമതി നൽകിയതിൽ സംശയാസ്പദത ഉണ്ടെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ, എല്ലാ നിയമനടപടികളും ലംഘിച്ച് ഈ അനുമതി നൽകുകയും, ഹരജിയിൽ എതിർഭാഗത്തെ വാദങ്ങൾ കേൾക്കാൻ പോലും തയ്യാറായില്ലെന്നും ആരോപിച്ചു.
യുപി സർക്കാരിന്റെ സുപ്രീംകോടതി സ്റ്റാൻഡിങ് കൗൺസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജനാധിപത്യപരമായി പ്രതിഷേധിച്ച അഞ്ചു മുസ്ലിം ചെറുപ്പക്കാരെ പോലീസ് വെടിവെച്ചു കൊന്നതിൽ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ശക്തമായി പ്രതികരിക്കണമെന്നും പ്രതിപക്ഷ പാർട്ടികളും നേതാക്കൾ കൂടിയുളള ശക്തമായ ഇടപെടലുകൾ നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പ്രതിഷേധ പരിപാടിക്ക് ജില്ലാ സെക്രട്ടറിമാരായ നൗഷാദ് ചുള്ളിയൻ, ആരിഫ് ചുണ്ടയിൽ, അഷ്റഫലി കട്ടുപ്പാറ, ബാസിത് താനൂർ, അതീക്ക് ശാന്തപുരം, സലാം സി എച്ച്, മുഖീമുദ്ദീൻ സി എച്ച്, ജലീൽ കോഡൂർ, അജ്മൽ തോട്ടൊളി എന്നിവർ നേതൃത്വം നൽകി.