അഞ്ചു വയസ്സുകാരനെ തിരക്കേറിയ റോഡിലൂടെ ബൈക്ക് ഓടിപ്പിച്ച ബന്ധുവിന്റെ ലൈസന്‍സും ആര്‍ സി ബുക്കും എം‌വിഡി പിടിച്ചെടുത്തു

വിഴിഞ്ഞം: അഞ്ചു വയസ്സുള്ള ആണ്‍കുട്ടിയെ റോഡിലൂടെ ബൈക്ക് ഓടിപ്പിച്ച യുവാവിന്റെ ലൈസന്‍സും ആര്‍സി ബുക്കും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. നടപടിക്രമത്തിന്റെ ഭാഗമായി എംവിഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് തിരക്കേറിയ കോവളം-കാരോട് ബൈപ്പാസിലെ മുക്കോല റൂട്ടില്‍ കുട്ടിയെക്കൊണ്ട് ബന്ധുവായ യുവാവ് ബൈക്ക് ഓടിപ്പിച്ചത്. അവധി ദിവസമായതിനാല്‍ ധാരാളം മറ്റുവാഹനങ്ങളും ഇതേ റൂട്ടിലുണ്ടായിരുന്നു. കുട്ടിയെ മുന്നിലിരുത്തി പിന്നിലിരുന്നാണ് ബന്ധു ബൈക്കിന്റെ ഹാന്‍ഡില്‍ കുട്ടിക്ക് നല്‍കിയത്. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.

സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്ന വീഡിയോയില്‍ നിന്നാണ് മോട്ടോര്‍ വാഹന വകുപ്പിന് വണ്ടിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാറശ്ശാല രജിസ്‌ട്രേഷനുള്ള പാറശ്ശാല സ്വദേശി ജേക്കബ് എന്നയാളാണ് കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചതെന്ന് കണ്ടെത്തി. അഞ്ച് വയസ്സുള്ള എല്‍കെജി വിദ്യാര്‍ഥിയാണ് കുട്ടിയെന്ന് ആര്‍ടിഒ വ്യക്തമാക്കി.

കുട്ടിയുടെ പിതൃസഹോദരനാണ് കുട്ടിയേക്കൊണ്ട് വണ്ടിയോടിപ്പിച്ചത്. ഇയാളുടെ ലൈസന്‍സും ബൈക്കിന്റെ രജിസ്‌ട്രേഷനും റദ്ദാക്കുമെന്ന് തിരുവനന്തപുരം ആര്‍.ടി.ഒ. ബിജുമോന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഒരാഴ്ചയ്ക്കകം നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന തരത്തില്‍ ബോധപൂര്‍വം ബൈക്കിന്റെ നിയന്ത്രണം നല്‍കിയതിനാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News