എഡിഎം നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹര്‍ജിയാണ് പരിഗണനയിൽ ഉള്ളത്.

പൊലീസ് അന്വേഷണത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്ന ഹര്‍ജിയിൽ, നവീൻ ബാബുവിന്‍റെ മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹര്‍ജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഹര്‍ജിയില്‍ തുടര്‍ നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടിയേക്കും. വിഷയത്തില്‍ സര്‍ക്കാരിന്റെയും പ്രോസിക്യൂഷന്റെയും നിലപാട് നിര്‍ണായകമാകും.

കണ്ണൂര്‍ കലക്ടറേറ്റില്‍ ഒക്ടോബര്‍ 14ന് നടന്ന യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബുവിനെ ആരൊക്കെ സന്ദര്‍ശിച്ചെന്നു കണ്ടെത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇത് നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ സഹായിക്കും.

നവീനെ കൊലപ്പെടുത്തി കെട്ടിത്തൂക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കലക്ടറേറ്റിലെയും റെയില്‍വേ സ്റ്റേഷനിലെയും നവീന്‍ താമസിച്ച ക്വാര്‍ട്ടേഴ്‌സിലെയും സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാവുന്നതാണ്.

എന്നാല്‍ നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളൊന്നും ഇതുവരെ പിടിച്ചെടുത്തിട്ടില്ല. ഇത്തരം നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താതെ കേസിലെ ഏക പ്രതിയായ പി.പി.ദിവ്യയെ കൃത്രിമ തെളിവ് സൃഷ്ടിക്കാന്‍ സഹായിക്കുകയാണ് അന്വേഷണ സംഘം ചെയ്യുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News