തിരുവനന്തപുരം: സംസ്ഥാനത്ത് വാട്ട്സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാപകമായ തട്ടിപ്പ് നടക്കുന്നു. കയ്യിൽ പണമില്ലെന്നും അബദ്ധത്തിൽ അയച്ച ആറക്ക ഒടിപി പിൻ അയച്ചു തരുമോ എന്നും ചോദിച്ചുള്ള സന്ദേശം വഴിയാണ് തട്ടിപ്പ് നടക്കുന്നത്.
കയ്യിലുള്ള പണം തീർന്നുവെന്നും ബാങ്ക് അക്കൗണ്ട് പ്രവർത്തനരഹിതം ആണെന്നുമാണ് ആദ്യം ഹാക്കർമാർ സന്ദേശം അയക്കുന്നത്. അബദ്ധത്തിൽ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു ആറക്ക പിൻ അയച്ചിട്ടുണ്ടെന്നും അത് ഫോർവേഡ് ചെയ്യുമോ എന്നും ചോദിച്ചുകൊണ്ട് അടുത്ത നിമിഷം മറ്റൊരു മെസ്സേജ് കൂടി ഇവർ അയയ്ക്കും. ഈ ആറക്ക ഒടിപി വഴിയാണ് ഹാക്കർമാർ തട്ടിപ്പ് നടത്തുന്നത്.
ഒടിപി നൽകിയാൽ ഉടൻ തന്നെ തട്ടിപ്പ് സംഘം നിങ്ങളുടെ ഉപയോക്താക്കളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യും. ഇതുവഴി സ്വകാര്യതയിലേക്ക് കടന്നുകയറി, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം.
കഴിഞ്ഞില്ല, സ്വകാര്യത വിവരങ്ങൾ കൈക്കലാക്കിയ ശേഷം ഉപയോക്താക്കളെ ബ്ലാക്ക്മെയിൽ ചെയ്യുക എന്നതാണ് അടുത്ത നീക്കം. ഇങ്ങനെ ഭീഷണിയുടെ പണം തട്ടിയെടുക്കുകയാണിവർ. നിരവധി പേരാണ് ഈ ചതിക്കുഴിയിൽ അകപ്പെടുന്നത്. ലക്ഷക്കണക്കിന് പണം ഈ തട്ടിപ്പിലൂടെ തട്ടിയെടുക്കാൻ തട്ടിപ്പ് സംഘത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പുമായി സംഘം മുന്നോട്ട് പോകുന്നുണ്ട്.
അതിനാൽ നിങ്ങൾക്കും ഇത്തരം മെസ്സേജ് വാട്ട്സ്ആപ്പിൽ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.അതിനാൽ നിങ്ങളും ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇത്തരം അവ്യക്തമായ നമ്പറുകളിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങൾക്ക് ഒരിയ്ക്കലും മറുപടി നൽകരുത്. മാത്രമല്ല അവ്യക്തമായ ലിങ്കുകൾ സന്ദേശത്തിൽ ലഭിച്ചാൽ യാതൊരു കാരണവശാലും അതിൽ ക്ലിക്ക് ചെയ്യരുത്.