ആഗ്ര: താജ്മഹലിലേക്ക് വിദേശ യാത്രക്കാർക്ക് പ്രത്യേക ക്യൂ വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിദേശ ടൂറിസ്റ്റിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
പതിനേഴാം നൂറ്റാണ്ടിലെ ശവകുടീരത്തിൻ്റെ റോയൽ ഗേറ്റിൽ ചിത്രീകരിച്ച മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, തൻ്റെ പ്രായമായ പിതാവിനൊപ്പം താജ്മഹൽ സന്ദർശിക്കുന്ന ഒരു വ്യക്തിയാണ് താനെന്ന് വിനോദസഞ്ചാരി അവകാശപ്പെട്ടു.
“ഇന്ന് ഞാൻ ഇന്ത്യയിലെ താജ്മഹൽ സന്ദർശിച്ചു. ഞാൻ 70-ലധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്, ഇത് എൻ്റെ 73-ാമത്തെ രാജ്യമാണ്, താജ്മഹൽ കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്,” പ്രവേശനം വൈകുന്നുവെന്ന് അവകാശപ്പെട്ട് അദ്ദേഹം പറഞ്ഞു.
“എല്ലാം മനോഹരമാണ്, എല്ലാം ശരിയാണ്, പക്ഷേ മെച്ചപ്പെടുത്തേണ്ട ഒരു കാര്യമുണ്ട്. സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താൻ സർക്കാരിനോട് ആവശ്യപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. താജ്മഹൽ കാണാൻ ധാരാളം ആളുകൾ വരുന്നു, വിനോദ സഞ്ചാരികളായ ഞങ്ങൾ എൻ്റെ പ്രായമായ അച്ഛനോടൊപ്പം താജ്മഹലില്‍ പ്രവേശിക്കാൻ ക്യൂവിൽ നിന്ന് കഷ്ടപ്പെടുകയാണ്.
പല വിനോദസഞ്ചാരികളും പ്രായമായവരാണെന്ന് ഞാൻ കാണുന്നു. അതുകൊണ്ട് വിദേശ വിനോദസഞ്ചാരികൾക്കായി ഒരു പ്രത്യേക ലൈൻ ഉണ്ടാക്കാൻ ഞാൻ അധികാരികളോട് ആവശ്യപ്പെടും,” അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്യുന്ന പക്ഷം വേഗത്തിലുള്ളതും തടസ്സരഹിതവുമായ പ്രവേശനം വിനോദസഞ്ചാരികൾക്ക് ലഭ്യമാകുമെന്നും, ധാരാളം സമയം അവര്‍ക്ക് ലാഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ സ്മാരകം കൈകാര്യം ചെയ്യുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് രാജ് കുമാർ പട്ടേലിനെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത് “വിദേശ വിനോദസഞ്ചാരികൾക്കായി പ്രത്യേക ലൈനൊന്നും ഉണ്ടാക്കാൻ കഴിയില്ല. ഞങ്ങൾക്ക് ഒരു പൊതു പ്രവേശന സംവിധാനമുണ്ട്. വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് പ്രധാനമായും പ്രവേശനം വൈകുന്നത്” എന്നാണ്.