എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെയും ജോർജിയൻ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ എടത്വ നദീ തീര സൗന്ദര്യവല്‍ക്കരണ യജ്ഞത്തിന് തുടക്കമായി. സിനിമാ താരം ഉല്ലാസ് പന്തളം ഉദ്ഘാടനം ചെയ്തു. എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേശ്മ ജോൺസൺ മുഖ്യ സന്ദേശം നല്‍കി. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ജോർജിയൻ സംഘം പ്രസിഡന്റ് ബിനോയി ജോസഫ്, ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, കോഓർഡിനേറ്റർ കെ. ജയചന്ദ്രന്‍, ജോർജിയൻ സംഘം സെക്രട്ടറി കെ.തങ്കച്ചന്‍, ഖജാൻജി കുഞ്ഞുമോൻ മുണ്ടുവേലിൽ, റ്റോബി പള്ളിപറമ്പിൽ , ജോജി മെതിക്കളം, ബിജു കട്ടപ്പുറം, ഷോജി മീനത്തേരിൽ, റ്റിജോ കട്ടപ്പുറം, ടിസൺ മുണ്ടുവേലിൽ, മാർട്ടിൻ തൈപറമ്പിൽ, ജോൺ ജോസഫ് എന്നിവർ നേതൃത്വം നല്‍കി.
ഗാന്ധി ജയന്തി ദിനത്തിൽ എടത്വ വില്ലേജ് ഓഫീസിന് പുറകുവശ ത്ത് വർഷങ്ങളായി ഉണ്ടായിരുന്ന മാലിന്യങ്ങള്‍ ഇവർ ശ്രമ ദാനത്തിലൂടെ നീക്കം ചെയ്തിരുന്നു.നദീ തീര പാർക്ക് വേണമെന്ന് ഉള്ള ദേശവാസികളുടെ ആവശ്യമാണ് ഇതോടൊപ്പം യാഥാർത്ഥ്യമാകുന്നത്. ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ അന്തരിച്ച ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി എടത്വ വിഷൻ 2020 എന്ന പദ്ധതിയിലൂടെ നദീ തീര സൗന്ദര്യവൽക്കരണം തുടക്കം കുറിച്ചെങ്കിലും പിന്നീട് പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. എന്നാൽ എടത്വ പള്ളിയുടെ ചിലവിൽ കുരിശടി മുതൽ പള്ളി പാലം വരെയുള്ള ഭാഗങ്ങൾ മനോഹരമാക്കിയിട്ടുണ്ട്.
വിനോദ സഞ്ചാരികളെയും തീർത്ഥാടകരെയും ആകർഷകമാക്കുന്ന നിലയില്‍ നദീ തീരം സൗന്ദര്യവത്ക്കരിക്കണമെന്നാണാവശ്യ൦. എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി,തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രം, ചക്കുളത്തുകാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ജലമാർഗ്ഗവും എത്തുന്നതിന് എടത്വ ബോട്ട് ജെട്ടി ഉപകരിക്കും. ബോട്ട് ജെട്ടി നവീകരണത്തിന് 47 ലക്ഷം രൂപ നിലവിൽ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
ഇവിടെ തയ്യാറാകുന്ന പാർക്കിലേക്ക് വ്യാപാരി സംഘടനകൾ ഉൾപ്പെടെ നിരവധി പേർ സഹായം വാഗ്ദാനം ചെയ്തതായി ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ജനറൽ കൺവീനർ ജി. രാധാകൃഷ്ണൻ അറിയിച്ചു.