115 വർഷം പഴക്കമുള്ള വാരണാസി ഉദയ് പ്രതാപ് കോളേജ് യുപി വഖഫ് ബോർഡിന്റേതാണെന്ന അവകാശവാദം വിവാദമാകുന്നു

ന്യൂഡല്‍ഹി: 115 വർഷം പഴക്കമുള്ള ഉദയ് പ്രതാപ് കോളേജിൻ്റെ ഉടമസ്ഥാവകാശം സംസ്ഥാന വഖഫ് ബോർഡ് അവകാശപ്പെട്ടതിനെ തുടർന്ന് ഉത്തർപ്രദേശിലെ വാരണാസിയിൽ തർക്കം ഉടലെടുത്തു. 2018-ൽ ആദ്യം ഉന്നയിക്കപ്പെട്ട, വഖഫ് ഭേദഗതി ബില്ലിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടയിലാണ് വിഷയം വീണ്ടും ഉയർന്നത്.

100 ഏക്കറിലധികം വരുന്ന കോളേജ് ഭൂമി കാമ്പസിലുള്ള പഴയ പള്ളിയുമായി ബന്ധിപ്പിച്ച വഖഫ് സ്വത്താണെന്ന് ഉത്തർപ്രദേശ് സെൻട്രൽ സുന്നി വഖഫ് ബോർഡ് ഉറപ്പിച്ചു. എന്നാൽ, ഈ അവകാശവാദങ്ങൾ കോളേജ് അഡ്മിനിസ്ട്രേഷൻ ശക്തമായി നിഷേധിച്ചു, ഭൂമി ഒരു ചാരിറ്റബിൾ എൻഡോവ്മെൻ്റിൻ്റെ ഭാഗമാണെന്നും കൈമാറ്റം ചെയ്യാനോ വിൽക്കാനോ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

2018 ഡിസംബറിൽ, ചോട്ടി മസ്ജിദും ചുറ്റുമുള്ള സ്വത്തുക്കളും ടോങ്ക് നവാബ് വഖഫിന് പതിച്ചു നൽകിയതാണെന്നും അതിനാൽ ബോർഡിൻ്റെ നിയന്ത്രണത്തിലായിരിക്കണമെന്നും ആരോപിച്ച് വഖഫ് ബോർഡ് കോളേജിന് നോട്ടീസ് നൽകി.

ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് നിയമപ്രകാരം 1909-ൽ സ്ഥാപിതമായ ഉദയ് പ്രതാപ് കോളേജ് വഖഫ് ബോർഡിൻ്റെ അവകാശവാദങ്ങൾക്ക് വിധേയമല്ലെന്ന് ഉറപ്പിച്ചുകൊണ്ടാണ് കോളേജ് അധികൃതർ അന്ന് പ്രതികരിച്ചത്. ഇപ്പോൾ 17,000-ത്തിലധികം വിദ്യാർത്ഥികളുള്ള കോളേജ് ഈ വാദം ശക്തമായി നിരസിച്ചിരിക്കുകയാണ്.

ഇവരുടെ പ്രതികരണത്തിന് ശേഷം വർഷങ്ങളായി വഖഫ് ബോർഡ് തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് കോളേജ് അധികൃതർ പറയുന്നു. എന്നാല്‍, 2022 ൽ വഖഫ് ബോർഡ് പള്ളിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ശ്രമിച്ചത് കോളേജിൻ്റെ പരാതിയെത്തുടർന്ന് പോലീസ് തടഞ്ഞു. ഉപയോഗിച്ച വൈദ്യുതി കോളേജിൽ നിന്ന് അനധികൃതമായി മോഷ്ടിക്കപ്പെട്ടതിനാൽ പള്ളിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി ഉദയ് പ്രതാപ് കോളേജ് പ്രിൻസിപ്പൽ ഡി കെ സിംഗ് ആരോപിച്ചു.

2022-ൽ അന്തരിച്ച വാരണാസി നിവാസിയായ വസീം അഹമ്മദ് ഖാനാണ് യഥാർത്ഥ നോട്ടീസ് നൽകിയത്. അവകാശവാദം ഉന്നയിക്കാൻ വഖഫ് ബോർഡ് അടുത്തിടെ ശ്രമങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും, ലോക്‌സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന വഖഫ് ഭേദഗതി ബില്ലിൻ്റെ വെളിച്ചത്തിൽ വിഷയം വീണ്ടും ജനശ്രദ്ധ നേടിയിരിക്കുകയാണ്.

 

Print Friendly, PDF & Email

Leave a Comment

More News