പാലക്കാട്: അടച്ചിട്ട വീട്ടില്‍ നിന്ന് 65 പവൻ സ്വർണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും റാഡോ വാച്ചും കവര്‍ച്ച ചെയ്തതായി പരാതി. ഷൊർണൂര്‍ ത്രാങ്ങാലിയിൽ മൂച്ചിക്കൽ ബാലകൃഷ്ണൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി ബാലകൃഷ്ണൻ വീടു പൂട്ടി കവളപ്പാറയിലുള്ള മകളുടെ വീട്ടിൽ പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. ഒറ്റപ്പാലം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനുള്ള അന്വേഷണം ഊർജിതമാക്കിയാതായി പൊലീസ് അറിയിച്ചു.
അതേസമയം, വയനാട് കമ്പളക്കാട് പൊലീസ് സ്റ്റേഷന് പരിധിയിലെ വെണ്ണിയോട് പ്രദേശത്ത് ദിവസങ്ങളോളം ഭീതി പടർത്തിയ മോഷ്ടാവിനെ പൊലീസ് പിടികൂടി. നിരവധി മോഷണ കേസുകളില്‍ പ്രതിയായ പടിഞ്ഞാറത്തറ കുന്നത്ത് വീട്ടില്‍ ഇജിലാല്‍ എന്ന അപ്പു (30) വിനെയാണ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ ഡിവൈഎസ്പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഈ മാസം 22ന് പുലര്‍ച്ചെയാണ് വെണ്ണിയോട് സ്വദേശിയായ മോയിന്‍ഹാജിയുടെ വീട്ടില്‍ മോഷണം നടന്നത്.
മകളെ വിദേശത്തേക്ക് യാത്ര അയക്കാനായി കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് കുടുംബസമേതം പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ വാതില്‍ പൊളിച്ച് അലമാര കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. മോഷ്ടിക്കപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ മാനന്തവാടിയിലെ ജ്വല്ലറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. മോഷണ ശേഷം ഇയാള്‍ മൈസൂര്‍, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. ആരാധനാലയങ്ങളിലെ നേര്ച്ചപ്പെട്ടികള് കുത്തിത്തുറന്ന് മോഷണം നടത്തിയതിന് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇജിലാലിനെതിരെ കേസുകള്‍ ഉണ്ട്.