ആന എഴുന്നള്ളിപ്പ്: ചട്ടങ്ങള്‍ ലംഘിച്ച തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്ര ഭരണ സമിതിക്കെതിരെ കേസ്

കൊച്ചി: ക്ഷേത്രങ്ങളില്‍ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന കുറ്റത്തിന് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ വനം വകുപ്പ് കേസെടുത്തു. ക്ഷേത്രത്തിലെ ഉത്സവത്തില്‍ ആനയെ എഴുന്നള്ളിച്ചത് ഹൈക്കോടതി മാനദണ്ഡങ്ങള്‍ പ്രകാരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആനകള്‍ തമ്മിലുളള അകലം മൂന്നു മീറ്റര്‍ ഉണ്ടായിരുന്നില്ലെന്നും ആളുകളും ആനയുമായുളള എട്ടു മീറ്റര്‍ അകലവും പാലിച്ചില്ലെന്നും വനംവകുപ്പ് പരിശോധനയില്‍ കണ്ടെത്തി. ആനകളുടെ സമീപത്തുകൂടി തീവെട്ടിയുമായി പോയെന്നും ഇക്കാര്യത്തിലും 5 മീറ്റര്‍ അകലം പാലിച്ചില്ലെന്നും വനംവകുപ്പ് അറിയിച്ചു. വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് കേസെടുത്തത്.

നാട്ടാനകളുടെ പരിപാലനചുമതല നല്‍കിയിരിക്കുന്നത് വനംവകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിനാണ്. ഉത്സവത്തിന്റെ ഭാഗമായി ആനകളെ എഴുന്നളളിക്കുന്നതിന് ഇളവ് ആവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കാനിരിക്കെയാണ് നടപടി. അകലം പാലിച്ചാണ് ആനകളെ എഴുന്നളളിച്ചതെന്നും മഴ പെയ്തതോടെയാണ് അടുപ്പിച്ച് നിര്‍ത്തേണ്ടിവന്നതെന്നുമാണ് ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം.

വന്യജീവി സംരക്ഷണ നിയമം, നാട്ടാന പരിപാലന ചട്ടം എന്നിവ പ്രകാരമാണ് കേസ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി, വൃശ്ചികോത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ എന്നിവരാണ് പ്രതികള്‍. ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും, ആനകളും ആളുകളും തമ്മില്‍ 8 മീറ്റര്‍ അകലവും പാലിച്ചിരുന്നില്ല എന്ന് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News