ഹൈദരാബാദ് സ്വദേശിനിയായ യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് ബ്രിട്ടനിലെ ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ജെയിംസ് ടൂളിയെ സസ്‌പെൻഡ് ചെയ്തു. യൂണിവേഴ്‌സിറ്റി ഫീസ് അടക്കുന്നതിൽ അദ്ദേഹം യുവതിയെ സഹായിച്ചിരുന്നുവെന്നാണ് വിവരം. യുവതിയുടെ ഡയറിയിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
ബ്രിട്ടനിലെ ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ജെയിംസ് ടൂളിയെ ഇന്ത്യൻ യുവതിയുമായുള്ള ബന്ധത്തിൻ്റെ പേരിൽ സസ്പെൻഡ് ചെയ്തു. ടൂളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി യുവതി തൻ്റെ ഡയറിയിൽ കുറിച്ചിരുന്നു. ടൂളിയുടെ ഭാര്യ യുവതിയുടെ ഡയറിയിലെ പകർപ്പുകൾ സർവ്വകലാശാലയ്ക്ക് കൈമാറിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വിദ്യാഭ്യാസ നയത്തിൽ വിദഗ്ധനും 2020 മുതൽ വൈസ് ചാൻസലറുമായ ജെയിംസ് ടൂളി ഈ ആരോപണങ്ങളെ “അടിസ്ഥാനരഹിതവും ക്ഷുദ്രകരവുമാണ്” എന്നാണ് വിശേഷിപ്പിച്ചത്. വിഷയത്തിൽ സർവകലാശാല സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
താനും 65 കാരനായ പ്രൊഫസർ ജെയിംസ് ടൂളിയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി യുവതി തൻ്റെ ഡയറിയിൽ എഴുതിയിരുന്നു. ടൂളിയെ ആദ്യമായി കാണുമ്പോൾ തനിക്ക് 18 വയസ്സായിരുന്നുവെന്ന് യുവതി പറഞ്ഞു. എന്നിരുന്നാലും, തനിക്ക് 25 വയസ്സുള്ളപ്പോൾ ലൈംഗികബന്ധം ആരംഭിച്ചു. “അദ്ദേഹം ദയയും പരിഗണനയും ഉള്ളവനായിരുന്നു. അദ്ദേഹം എന്നെ ഉപയോഗിച്ചുവെന്ന് ആളുകൾ പറയും, പക്ഷേ അങ്ങനെയല്ല,” യുവതി ഡയറിയില്‍ കുറിച്ചിരുന്നു.
ഒക്ടോബർ 11 ന് ബക്കിംഗ്ഹാം സർവകലാശാല അടിയന്തര യോഗം വിളിക്കുകയും വൈസ് ചാൻസലർ ടൂളിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഗുരുതരമായ ആരോപണങ്ങളെ തുടർന്നാണ് വൈസ് ചാൻസലറെ സസ്‌പെൻഡ് ചെയ്തിരിക്കുന്നതെന്നും ഈ അവകാശവാദങ്ങളുടെ നിജസ്ഥിതി അറിയാൻ സ്വതന്ത്ര അന്വേഷണം നടത്തുമെന്നും സർവകലാശാലാ ഭരണാധികാരികൾ പറഞ്ഞു.
സംരംഭകയും ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നതുമായ ജെയിംസ് ടൂളിയുടെ ഭാര്യ സിന്തിയയാണ് അദ്ദേഹത്തിനെതിരെ പരാതി നൽകിയത്. യുവതി എഴുതിയ ഡയറിയുടെ പകർപ്പുകൾ അവര്‍ സർവകലാശാലയ്ക്ക് കൈമാറി. സിന്തിയ 2022 ലാണ് ടൂളിയെ വിവാഹം കഴിച്ചത്. എന്നാല്‍, ഇപ്പോൾ ഇരുവരും വെവ്വേറെയാണ് താമസിക്കുന്നത്.
യുവതിയുമായുള്ള ടൂളിയുടെ ബന്ധം ഹൈദരാബാദിൽ ആരംഭിച്ചതായാണ് റിപ്പോർട്ട്. പാവപ്പെട്ട കമ്മ്യൂണിറ്റികൾക്ക് കുറഞ്ഞ ചെലവിൽ സ്വകാര്യ സ്കൂളുകൾ നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു പദ്ധതിയിൽ അദ്ദേഹം പ്രവർത്തിക്കുകയായിരുന്നു. യുവതിയുടെ പിതാവിനെ അറിയാവുന്ന ടൂളി അവളുടെ യൂണിവേഴ്സിറ്റി ട്യൂഷൻ ഫീസിൽ സംഭാവന നൽകിയിരുന്നു.
ജെയിംസ് ടൂളി ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ അക്കാദമിക് ആയി ജോലി ചെയ്യുകയും ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡിയും നേടുകയും ചെയ്തിട്ടുണ്ട്. അക്കാദമിക് സ്വാതന്ത്ര്യത്തിനും വൈവിധ്യ ലക്ഷ്യങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുന്നയാളാണ് അദ്ദേഹം.