ഖത്തര്‍: മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകർന്നും നേതൃത്വങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കിയും കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾക്കും ഏരിയ നേതൃത്വങ്ങൾക്കുമായി നടുമുറ്റം ഖത്തർ നേതൃസംഗമം സംഘടിപ്പിച്ചു.
നുഐജയിൽ വെച്ച് നടന്ന സംഗമം നടുമുറ്റം ഖത്തർ പ്രസിഡൻ്റ് സന നസീം ഉദ്ഘാടനം ചെയ്തു. നടുമുറ്റത്തിൻ്റെ മുഴുവൻ പ്രവർത്തനങ്ങളും വിജയിപ്പിക്കുന്നതിലും പുതിയ മേഖലകളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിലും കേന്ദ്ര ഏരിയ നേതൃത്വങ്ങളുടെ പങ്ക് അഭിനന്ദനീയമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
നടുമുറ്റത്തിൻ്റെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളെയും വളർച്ചയെയും സമഗ്രമായി വിശദീകരിച്ച് നടുമുറ്റം നാൾവഴികൾ എന്ന തലക്കെട്ടിൽ നടുമുറ്റം കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും നടുമുറ്റം മുൻ പ്രസിഡൻ്റുമായ ആബിദ സുബൈർ സംസാരിച്ചു. ഓരോ വ്യക്തിയിലും നല്ല നേതൃത്വത്തെ എങ്ങനെ വളർത്തിയെടുക്കാമെന്ന് റൈസ് ആൻഡ് ലീഡ്സ് എന്ന തലക്കെട്ടിലൂടെ ജോളി തോമസ് സദസ്സിനോട് സംവദിച്ചു.
സദസ്സിനെ കൂടുതൽ സൌഹൃദവത്കരിച്ചുകൊണ്ട് നടുമുറ്റം ജനറൽ സെക്രട്ടറി ഫാത്വിമത് തസ്നീം ഐസ് ബ്രേക്കിംഗ് സെഷന് നേതൃത്വം നൽകി. സോഷ്യൽ നെറ്റ് വർക്കിംഗ് സാധ്യതകളെ വിപുലപ്പെടുത്തുന്നത് ജീവിതത്തിൽ കരുത്തുപകരും എന്ന സന്ദേശം പകർന്ന് നടുമുറ്റം മുൻ പ്രസിഡൻ്റും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സജ്ന സാക്കി സ്പാർക്ക് കണക്ഷൻസ് എന്ന തലക്കെട്ടിൽ സംസാരിച്ചു. ഭവ്യ ഗാനമാലപിച്ചു. നടുമുറ്റം വൈസ് പ്രസിഡൻ്റ് നജ്ല നജീബ് സ്വാഗതവും സെക്രട്ടറി വാഹിദ സുബി നന്ദിയും പറഞ്ഞു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അഹ്സന കരിയാടൻ പരിപാടി നിയന്ത്രിച്ചു. വൈസ് പ്രസിഡൻ്റ് റുബീന മുഹമ്മദ് കുഞ്ഞി, സെക്രട്ടറി സിജി പുഷ്കിൻ, ട്രഷറർ റഹീന സമദ്, കൺവീനർ സുമയ്യ താസീൻ ,മറ്റു കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.