ശബരിമലയില്‍ നടന്‍ ദിലീപിന് പ്രത്യേക സം‌വിധാനം ഒരുക്കിയത് തങ്ങളല്ലെന്ന് പോലീസ്

പത്തനംതിട്ട: ശബരിമലയില്‍ ദിലീപിന്റെ വിഐപി സന്ദര്‍ശനത്തില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സന്നിധാനത്ത് നടന്‍ ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്ന് ശബരിമല സ്പെഷല്‍ പൊലീസ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദേവസ്വം ഗാര്‍ഡുകളാണ് ദിലീപിന് മുന്‍നിരയില്‍ സ്ഥാനം ഉറപ്പാക്കിയതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപിന് ശബരിമല സന്നിധാനത്ത് പ്രത്യേക പരിഗണന നല്‍കി ദര്‍ശന സൗകര്യം ഒരുക്കിയത് തങ്ങളല്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വിഷയം പരിഗണിക്കും.

സംഭവത്തില്‍ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സോപാനത്തിനു മുന്നിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ചീഫ് കോര്‍ഡിനേറ്റര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ദേവസ്വം ബെഞ്ച് ഉയര്‍ത്തിയത്.

ഹരിവരാസനം കീര്‍ത്തനം പാടുന്ന സമയം മുഴുവനും സന്നിധാനത്തിന് മുന്നില്‍ നില്‍ക്കാന്‍ സൗകര്യം ചെയ്തുകൊടുത്തത് ദേവസ്വം ഗാര്‍ഡുകളാണ്. പൊലീസ് ഇക്കാര്യത്തില്‍ ഒരു സഹായവും ചെയ്തിട്ടില്ല. ദിലീപിനും സംഘത്തിനും പൊലീസിന്റെ ഭാഗത്തു നിന്നും ഒരു സംരക്ഷണവും പരിരക്ഷയും നല്‍കിയിട്ടില്ല.

ദിലീപിന് മുന്‍നിരയില്‍ വിഐപി പരിഗണന നല്‍കിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇനി ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് എന്നും സന്നിധാനം സ്പെഷല്‍ പൊലീസ് ഓഫീസര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Print Friendly, PDF & Email

Leave a Comment

More News