കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അന്തിമ വാദം ഇന്ന് ആരംഭിക്കും. എറണാകുളം സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികള്‍ നടക്കുന്നത്.
കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. കേസിന്റെ സാക്ഷിവിസ്താരം ഒരുമാസം മുമ്പ് പൂര്‍ത്തിയായിരുന്നു. സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷന്‍ വാദമണ് ആദ്യത്തേത്. തുടര്‍ന്ന് പ്രതിഭാഗം മറുപടി നല്‍കും.
അടുത്ത മാസം കേസില്‍ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വാദം തുടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അന്തിമ വാദത്തിന്റെ നടപടി ക്രമങ്ങള്‍ ഒരു മാസം കൊണ്ടു പൂര്‍ത്തിയാക്കിയേക്കും എന്നാണ് പ്രതീക്ഷ. വാദം പൂര്‍ത്തിയായി കേസ് വിധി പറയുന്നതിനായി മാറ്റും.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവര്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണിത്. നടിയെ ആക്രിച്ച കേസില്‍ ദിലീപടക്കമുളള പ്രതികള്‍ക്കെതിരായ വിചാരണ അന്തിമവാദത്തിലേക്ക് കടക്കുമ്പോഴാണ് അതിജീവിത രാഷ്ട്രപതിക്ക് പരാതി നല്‍കിയിരിക്കുന്നത്.
തന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നു പരിശോധിച്ചതായി ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായതാണ്. വിചാരണക്കോടതിയുടെയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെയും പരിഗണനയിലിരിക്കെ ഇത് തുറന്നെന്നാണ് കോടതി തന്നെ കണ്ടെത്തിയത്.
എന്നാല്‍ ആരാണ് തുറന്നത്, എന്തിനാണ് തുറന്നത് , ദൃശ്യങ്ങള്‍ പുറത്തുപോയിട്ടുണ്ടോ എന്നതില്‍ യാതൊരു പരിശോധനയും നടന്നില്ല എന്നാണ് കത്തിലുളളത്. കോടതിയില്‍ നടന്ന സംഭവമായിതിനാല്‍ ജുഡീഷ്യറിക്കാണ് തുടര്‍ നടപടിയ്ക്കുളള അധികാരം. ഉത്തരാവാദികളായവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിക്കും സുപ്രീംകോടതിക്കും കത്ത് നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിയെ സമീപിക്കുന്നതെന്നും കത്തിലുണ്ട്.
2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. 2018 മാര്‍ച്ച് എട്ടിനാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്. ഷൂട്ടിങിനു ശേഷം തിരികെ വരിരയായിരുന്ന നടിയുടെ കാറിനു പിന്നില വാഹനമിടിപ്പിച്ച് നിര്‍ത്തുകയും അതിക്രമിച്ചു കയറി ലൈംഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്.