ദിണ്ടിഗൽ: തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തിൽ നവജാത ശിശു ഉൾപ്പെടെ ആറു പേർ മരിച്ചു. ലിഫ്റ്റിൽ ആറുപേരെയും അബോധാവസ്ഥയിൽ കണ്ടെത്തിയതായി പൊലീസും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ആശുപത്രിയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ശ്വാസംമുട്ടിയാണ് ആളുകൾ മരിച്ചത്. 30ഓളം രോഗികളെ ഫയർഫോഴ്‌സ് ജീവനക്കാർ പുറത്തെടുത്ത് രക്ഷപ്പെടുത്തി. എന്നാൽ, ആറ് പേർ ശ്വാസം മുട്ടി മരിച്ചു.
രക്ഷപ്പെടുത്തിയവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യുത ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
വീഡിയോ ദൃശ്യങ്ങളിൽ ആശുപത്രി കെട്ടിടത്തിൽ നിന്ന് തീയും പുകയും ഉയരുന്നതും അഗ്നിശമന സേനാ വാഹനങ്ങൾ തീ അണയ്ക്കാൻ ശ്രമിക്കുന്നതും കാണാം. ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്ന രോഗികളുടെ എണ്ണം 50 കവിഞ്ഞു. ഈ രോഗികളെ ആംബുലൻസുകൾ വഴി മറ്റ് ആശുപത്രികളിലേക്ക് മാറ്റി.