വാഷിംഗ്ടൺ: ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള ആദ്യ ദേശീയ തന്ത്രം വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. മുസ്ലിംകൾക്കും അറബ് അമേരിക്കക്കാർക്കുമെതിരായ വിദ്വേഷം, അക്രമം, പക്ഷപാതം, വിവേചനം എന്നിവ തടയാൻ യുഎസ് ഫെഡറൽ ഉദ്യോഗസ്ഥർക്ക് സ്വീകരിക്കാവുന്ന 100-ലധികം നടപടികളുടെ രൂപരേഖയാണ് ഈ തന്ത്രം.
മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് ആഴ്ചകൾ മാത്രം ശേഷിക്കേയാണ് 64 പേജുള്ള രേഖ പുറത്തിറക്കിയത്. തൻ്റെ ആദ്യ ടേമിൽ ചില മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് ട്രംപ് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാല്‍, ബൈഡന് അധികാരമേറ്റ ആദ്യ ദിവസം തന്നെ ആ നിയന്ത്രണം നീക്കുകയും ചെയ്തു.
യഹൂദ വിരുദ്ധതയ്ക്കെതിരെ പോരാടാനുള്ള സമാനമായ ദേശീയ പദ്ധതി ബൈഡന് പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ ജൂതന്മാർക്കിടയിൽ വർദ്ധിച്ചു വരുന്ന വിദ്വേഷത്തെയും വിവേചനത്തെയും കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചതിനാൽ 2023 മെയ് മാസത്തിലാണ് പ്രസിഡൻ്റ് ജോ ബൈഡൻ ഇത് അവതരിപ്പിച്ചത്.
അമേരിക്കൻ മുസ്ലീം, അറബ് സമുദായങ്ങൾക്കെതിരായ ഭീഷണികൾ വർധിച്ചതിനാൽ കഴിഞ്ഞ വർഷം ഈ സംരംഭം കൂടുതൽ പ്രാധാന്യമർഹിച്ചതായി പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ബൈഡന് ഭരണകൂടം പറഞ്ഞു. 2023 ഒക്ടോബറിൽ ഇല്ലിനോയിസിൽ കുത്തേറ്റു മരിച്ച ഫലസ്തീൻ-അമേരിക്കൻ മുസ്ലീം ബാലനായ ആറു വയസ്സുള്ള വാദി അൽഫയൂമിയുടെ കൊലപാതകവും ഇതിൽ ഉൾപ്പെടുന്നു. എക്സിക്യൂട്ടീവ് ബ്രാഞ്ചിന് എടുക്കാവുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പ്ലാൻ നൽകുന്നുണ്ട്. സമൂഹത്തിൻ്റെ എല്ലാ മേഖലകളിലുമുള്ള പ്രവർത്തനത്തിനായുള്ള മറ്റ് 100-ലധികം നിര്‍ദ്ദേശങ്ങളും അതില്‍ അടങ്ങിയിട്ടുണ്ട്.
തന്ത്രത്തിൻ്റെ നാല് അടിസ്ഥാന മുൻഗണനകളില്‍ മുസ്ലിംകൾക്കും അറബ് വംശജര്‍ക്കുമെതിരായ വിദ്വേഷത്തിൻ്റെ അവബോധം വളർത്തുന്നതിനും ഈ സമുദായങ്ങളുടെ പൈതൃകങ്ങൾ വ്യാപകമായി അംഗീകരിക്കുന്നതിനും ലക്ഷ്യമിടുന്നു:
– മുസ്ലിം, അറബ് വംശജരുടെ സുരക്ഷയും സംരക്ഷണവും സമഗ്രമായി മെച്ചപ്പെടുത്തണം.
– അവരുടെ മതപരമായ ആചാരങ്ങളെ ഉചിതമായി ഉൾക്കൊള്ളണം.
– അവരോടുള്ള വിവേചനം തടയാൻ പ്രവർത്തിക്കണം.
– വിദ്വേഷത്തെ ചെറുക്കുന്നതിന് സമുദായങ്ങൾക്കിടയിൽ ഐക്യദാർഢ്യം പ്രോത്സാഹിപ്പിക്കണം.
പദ്ധതിയുടെ ആമുഖത്തിൽ, ബൈഡൻ ചിക്കാഗോയിലെ ആൺകുട്ടിക്കും അവൻ്റെ അമ്മയ്ക്കും നേരെയുള്ള ആക്രമണങ്ങളെ “വെറുപ്പുളവാക്കുന്ന പ്രവൃത്തി” എന്ന് വിളിക്കുകയും മുസ്ലീം വിരുദ്ധ, അറബ് വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളുടെയും വിവേചനത്തിൻ്റെയും വർദ്ധനവ് ഉദ്ധരിക്കുകയും ചെയ്തു. അത് തെറ്റായ പ്രവൃത്തിയാണെന്നും അസ്വീകാര്യവുമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
“മുസ്ലീങ്ങളും അറബ് വംശജരും അന്തസ്സോടെ ജീവിക്കാനും അവരുടെ എല്ലാ സഹ അമേരിക്കക്കാർക്കൊപ്പം എല്ലാ അവകാശങ്ങളും ആസ്വദിക്കാനും അർഹരാണ്,” അദ്ദേഹം പറഞ്ഞു.
മുസ്ലീം മതവിശ്വാസിയായതിനാല്‍ ചിലപ്പോൾ വ്യക്തികളെ ലക്ഷ്യമിടുന്നതായും ബൈഡന് പ്രഖ്യാപനത്തില്‍ സൂചിപ്പിച്ചു. അറബികൾ പതിവായി ടാർഗെറ്റു ചെയ്യപ്പെടുന്നത് അവർ ആരാണെന്നത് കൊണ്ടാണെന്നും തിരിച്ചറിയേണ്ടത് പ്രധാനമാണ്. രാഷ്ട്രം സ്ഥാപിതമായതുമുതൽ മുസ്ലീങ്ങളും അറബ് അമേരിക്കക്കാരും രാഷ്ട്രം കെട്ടിപ്പടുക്കാൻ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, 1500ഓളം പേര്‍ക്ക് ശിക്ഷയിളവ് നല്കി പ്രത്യേക ഉത്തരവും ജോ ബൈഡന് പുറത്തിറക്കി. നാല് ഇന്‍ഡോ-അമേരിക്കൻ പൗരന്മാരുള്പ്പടെയുള്ളവരുടെ ഹര്‍ജി പരിഗണിച്ചാണ് യുഎസ് പ്രസിഡന്റിന്റെ നടപടി. അക്രമരഹിതമായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട 39 പേരുടെ ദയാ ഹര്‍ജിയും ബൈഡൻ സ്വീകരിച്ചു.
ഈ നടപടിയോടെ ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് മാപ്പു നല്കി ചരിത്രം കുറിക്കുന്ന യുഎസ് പ്രസിഡന്റായും ബൈഡൻ മാറി. അക്രമരഹിതമായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട 39 പേരും കൊവിഡ് കാലത്ത് ജയിലുകളില്‍ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റിയവരും ഉള്‍പ്പടെയുള്ളവര്‍ക്കാണ് ശിക്ഷയിളവ്. വീട്ടുതടങ്കലില്‍ കുറഞ്ഞത് ഒരു വര്‍ഷം എങ്കിലും പൂര്‍ത്തിയാക്കിവര്‍ക്കാണ് ഇളവ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് ശിക്ഷയിളവ് നല്‍കുമെന്നും ബൈഡൻ പറഞ്ഞു.
ചെയ്ത തെറ്റുകളില്‍ പശ്ചാത്താപമുള്ളവരോട് കരുണ കാണിക്കണം. ആ തെറ്റ് തിരുത്താൻ അവര്‍ക്ക് വീണ്ടും അവസരം നല്‍കുക. ഇതായിരിക്കാം അവരോട് ചെയ്യാനാകുന്ന ഏറ്റവും നല്ല കാര്യം. പ്രസിഡന്റ് എന്ന നിലയ്ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തപ്പെട്ടയാളാണ് താൻ എന്നും ബൈഡൻ പറഞ്ഞു.
മീര സച്ച്ദേവ, ബാബുഭായ് പട്ടേല്‍, കൃഷ്ണ മോട്ടെ, വിക്രം ദത്ത എന്നിവരാണ് ശിക്ഷാ ഇളവ് ലഭിച്ച ഇന്തോ-അമേരിക്കക്കാര്‍. ക്യാന്‍സര്‍ സെന്ററില്‍ തട്ടിപ്പ് നടത്തിയെന്നതിന്റെ പേരിലാണ് മീര സച്ച്ദേവയെ 2012ല്‍ കോടതി ശിക്ഷിച്ചത്. 2012, 2013 വര്‍ഷങ്ങളില്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റം ചുമത്തിയായിരുന്നു മറ്റ് മൂന്ന് പേര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.